തിരുവനന്തപുരം: ഉപയോഗിക്കാത്ത 1.83 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ലഭ്യം. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 37.93 കോടിയിലധികം (37,93,56,790) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. അധികമായി 23,80,000 ഡോസ് വാക്സിൻ കൂടി ലഭ്യമാക്കും.
ഇതിൽ പാഴായതുൾപ്പെടെ 36,09,69,128 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം). ഉപയോഗിക്കാത്ത 1.83 കോടിയിലധികം (1,83,87,662) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ട്.