കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കലിന് (54) ജീവിതാവസാനംവരെ കഠിനതടവ്. 5.25 ലക്ഷം രൂപ പിഴയും അടയ്ക്കണം. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന്റേതാണ് വിധി.ഒരുവര്‍ഷത്തെ വിചാരണയ്ക്കൊടുവിലാണ് ശനിയാഴ്ച വിധി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് പെണ്‍കുട്ടിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുവര്‍ഷവും രണ്ടുമാസവും കൂടുതല്‍ തടവനുഭവിക്കണം.
2019 ജൂലായിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ ചൂഷണംചെയ്ത് വാഗ്ദാനങ്ങള്നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെയാണ് ചേര്‍ത്തല സ്വദേശിയായ മോന്‍സനെതിരേ പീഡനക്കേസുകള്‍ പുറത്തുവന്നത്. വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം തടവും 24 വര്‍ഷത്തെ കഠിനതടവും ശിക്ഷയായി ലഭിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.