
മനാമ: പ്രാദേശിക വിപണികള്‍ സ്ഥിരതയോടെ നിലനിര്‍ത്തുന്നതിനുള്ള നിരന്തരമായ നടപടികളുടെ ഭാഗമായി സാധനങ്ങളുടെ വിതരണവും വിലയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
വില വര്‍ധിപ്പിക്കുകയോ അസാധാരണമായ സാഹചര്യങ്ങള്‍ മുതലെടുക്കുകയോ അവശ്യവസ്തുക്കള്‍ സംഭരിക്കാതിരിക്കുകയോ ചെയ്യരുതെന്ന് എല്ലാ വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും മന്ത്രാലയം നിര്‍ദേശം നല്കി. എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും വിപണി നിയന്ത്രണങ്ങള്‍ പാലിക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും വിശ്വാസം വളര്‍ത്തുകയും ചെയ്യുന്ന ഒരു സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.
അന്യായമായ നടപടികളോ ഉപഭോക്താക്കളെ ദ്രോഹിക്കാനുള്ള ശ്രമങ്ങളോ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ മറ്റ് അധികാരികളുമായി ഏകോപിപ്പിച്ച് കര്‍ശന നടപടി സ്വീകരിക്കും. അന്യായമായ വിലക്കയറ്റം, അല്ലെങ്കില്‍ ക്ഷാമം പോലുള്ള ഏതെങ്കിലും ലംഘനങ്ങള്‍ ലഭ്യമായ ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.
