കൊച്ചി : മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 2255 നമ്പറുള്ള കറുത്ത ബെൻസ് കാറിൽ വന്നിറങ്ങുന്ന മോഹൻലാലിന്റെ കൈയും വിൻഡോയിൽ പ്രതിഫലിക്കുന്ന മുഖവുമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വില്ലൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും ബി ഉണ്ണകൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ഒരു പ്രത്യേക ചുമതല നിർവ്വഹിക്കുന്നതിനായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
18 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സായിക്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, ഷീല, സ്വാസിക, തുടങ്ങീ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. പാലക്കാടിന് പുറമെ ഹൈദരാബാദിലും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.