
ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 22, 23 തിയതികളില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും.
പ്രധാനമന്ത്രിയായി മൂന്നാം തവണ അധികാരമേറ്റ ശേഷം അദ്ദേഹം ആദ്യമായാണ് സൗദി സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്ലാമിക ലോകത്തെ പ്രമുഖ ശബ്ദമാണ് സൗദി അറേബ്യയെന്നും പ്രാദേശിക സംഭവവികാസങ്ങളില്‍ സൗദി അറേബ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
സന്ദര്‍ശന വേളയില്‍ സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കും.
നേരത്തെ 2016ലും 2019ലും മോദി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. 2023 സെപ്റ്റംബറില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ന്യൂഡല്‍ഹി സന്ദര്‍ശിച്ച് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുകയും ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ഉദ്ഘാടന യോഗത്തില്‍ സഹ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തിരുന്നു.
