വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡൻ ഗംഭീര സ്വീകരണവും അത്താഴ വിരുന്നുമാണ് മോദിക്കായി ഒരുക്കിയത്. അത്താഴ വിരുന്നിൽ മോദി ബൈഡന് നൽകിയ സമ്മാനങ്ങളാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇന്ത്യൻ പൈതൃകങ്ങളും സംസ്കാരവും വിളിച്ചോതുന്ന അമൂല്യങ്ങളായ സമ്മാനങ്ങളാണ് മോദി ബൈഡന് നൽകിയത്. വെളളിയിൽ തീർത്ത ഗണേശ വിഗ്രവും, വിളക്കും , നാണയവും ഉൾപ്പെടെയുള്ളവ നിറച്ചിരുന്ന ഒരു ചന്ദനപ്പെട്ടിയായിരുന്നു ഇതിൽ പ്രധാനം. പ്രഥമ വനിതയായ ജിൽ ബൈഡന് 7.5 കാരറ്റ് പരിസ്ഥിതി സൗഹൃദമായ പച്ച നിറത്തിലുള്ള വൈരക്കല്ലായിരുന്നു സമ്മാനം നൽകിയത്. മൈസൂരിൽ നിന്നുള്ള ചന്ദനത്തടി ഉപയോഗിച്ച് ജയ്പൂരിലെ ശില്പികൾ വെറും കൈകൊണ്ട് നിർമ്മിച്ചതായിരുന്നു ചന്ദനപ്പെട്ടി. സങ്കീർണമായ കൊത്തുപണികൾ ഉള്ള ഈ പെട്ടിക്കുള്ളിലായിരുന്നു മറ്റ് സമ്മാനങ്ങൾ ഉണ്ടായിരുന്നത്. ഗണേശ വിഗ്രഹത്തിന് പുറമേ ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ചവർക്ക് നൽകുന്ന വെള്ളിയിൽ തീർത്ത തിരിവിളക്കായിരുന്നു മറ്റൊരുാ വിശിഷ്ട സമ്മാനം.എൺപത് വർഷവും എട്ടുമാസവും ജീവിച്ചിരുന്നവർക്ക് മാത്രമാണ് ആയിരം പൂർണചന്ദ്രന്മാരെ കാണാൻ കഴിയുക. വരുന്ന നവംബറിൽ ബൈഡന് എൺപത്തിയൊന്ന് വയസ് പൂർത്തിയാവും. ഇത് വ്യക്തമാക്കിയാണ് വിളക്ക് നൽകിയത്. കൊൽക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും വിളക്കുമുൾപ്പടെയുള്ളവ നിർമ്മിച്ചത്.
കൈകൊണ്ട് നിർമ്മിച്ച സിൽക്ക് തുണി, ഉത്തരാഖണ്ഡിൽ നിന്നുള്ള നീളമുള്ള ഒരുതരം അരി, മഹാരാഷ്ട്രയിൽ നിന്നുള്ല ശർക്കര എന്നിവയും ചന്ദനപ്പെട്ടിയിലുണ്ടായിരുന്നു. ദി ടെൻ പ്രിൻസിപ്പൽ ഉപനിഷദ് എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റും മോദി നൽകിയ സമ്മാനത്തിൽ പെടുന്നു. ഇന്ത്യൻ ഉപനിഷത്തുക്കളുടെ ഇംഗ്ളീഷ് വിർത്തനമാണ് ഈ പുസ്തകം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തെ സൂചിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ വ്യക്തമായി ക ുറിക്കുന്നതുമാണ് പ്രഥമ വനിത ജിൽ ബൈഡന് മോദി നൽകിയ 7.5 കാരറ്റ് പരിസ്ഥിതി സൗഹൃദ വൈരക്കല്ല്. പുരാതന അമേരിക്കൻ ബുക്ക് ഗ്യാലറിയാണ് ബൈഡൻ മോദിക്ക് നൽകിയത്. ഇതിനൊപ്പം വിന്റേജ് അമേരിക്കൻ ക്യാമറ, റോബർട്ട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരത്തിന്റെ ആദ്യ എഡിഷനിലെ കോപ്പി എന്നിവയും ബൈഡൻ മോദിക്ക് നൽകി. അത്താഴവിരുന്നിൽ മോദിക്കൊപ്പം സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവർ എന്നിവരും ഉണ്ടായിരുന്നു. വെജിറ്റേറിയൻ വിഭവങ്ങളയിരുന്നു മോദിക്കായി ഒരുക്കിയത്. മില്ലറ്റ് കേക്കുകൾ, ടാങ്കി അവക്കാഡോ സോസ്, കംപ്രസ്ഡ് വാട്ടർമിലൺ തുടങ്ങിയവയായിരുന്നു ഇതിൽ പ്രധാനം. താമരയ്ക്കൊപ്പം മയിലിന്റെയും ചിത്രങ്ങൾ കൊണ്ടാണ് വൈറ്റ് ഹൗസ് അലങ്കരിച്ചിരുന്നത്. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യു എൻ ആസ്ഥാന്തത് യോഗ ചെയ്തതിനുശേഷമാണ് മോദി വൈറ്റ്ഹൗസിലെത്തിയത്.