തിരുവനന്തപുരം: സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. റോഡ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബെത്തി ഉടൻ പരിശോധന ആരംഭിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കെ.ആൻസലൻ എം.എൽ.എ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ ഹൈടെക് രീതിയിൽ നവീകരിച്ച രണ്ട് റോഡുകളാണ് ഗതാഗതത്തിനായി തുറന്നത്. അതിയന്നൂർ പഞ്ചായത്തിലെ ഓലതാന്നി-കൊടങ്ങാവിള-അവണാക്കുഴി എന്നീ റോഡുകളുടെ നിർമ്മാണമാണ് 6.6 കോടി ചെലവഴിച്ച് പൂർത്തിയാക്കിയത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെയും അതിയന്നൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ആകെ ദൂരം 6.7 കിലോമീറ്ററാണ്.
നെയ്യാറ്റിൻകര കോടതി-ഓൾഡ് അഞ്ചൽ ഓഫീസ്-അമരവിള റോഡുകളുടെ പണി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഈ റോഡിന്റെ ആകെ നീളം 3.7 കിലോമീറ്ററാണ്. ആവശ്യമായ സ്ഥലങ്ങളിൽ ഓടകൾ, കലുങ്കുകൾ, സംരക്ഷണ ഭിത്തികൾ എന്നിവ നിർമ്മിച്ചും ഉപരിതലം ആധുനിക രീതിയിൽ നവീകരിച്ചും റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയുമാണ് റോഡുകളുടെയും പണി പൂർത്തിയാക്കിയത്.