തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രികരിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി മലയാളത്തിലെ മുതിർന്ന എഴുത്തുകാർക്ക് ബഷീർ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ‘ബഷീർ ബാല്യകാലസഖി പുരസ്കാര’ത്തിന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എം.എൻ. കാരശ്ശേരിയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ‘ബഷീർ അമ്മ മലയാളം പുരസ്കാര ‘ത്തിന് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയും കോളമിസ്റ്റുമായ കെ.എ. ബീനയും അർഹരായി.ഡോ. എം.എം. ബഷീർ ചെയർമാനും കിളിരൂർ രാധാകൃഷ്ണൻ കൺവീനറും ഡോ. പ്രമോദ് പയ്യന്നൂർ, ഡോ. എം.എ. റഹ്മാൻ,ഡോ. പോൾ മണലിൽ, സരിത മോഹനൻ ഭാമ, അനീസ് ബഷീർ, ഡോ. യു ഷംല , ഡോ:എസ്. ലാലി മോൾ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
30 -ാമത് ബഷീർദിനമായ ജൂലൈ 5 ന് രാവിലെ 10 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രിയും എഴുത്തുകാരനുമായ മുല്ലക്കര രത്നാകരൻ 10001 രൂപ ക്യാഷ് അവാർഡും പ്രത്യേകം തയ്യറാക്കിയ മെമന്റോയും പ്രശസ്തിപത്രവും നൽകി പുരസ്കാര ജേതാക്കളെ ആദരിക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ,വൈസ് ചെയർമാൻ മോഹൻ.ഡി. ബാബു, ട്രഷറർ ഡോ. യു . ഷംല , ബഷീർ അമ്മ മലയാളം ചെയർപേഴ്സൺ ഡോ. എസ്. ലാലി മോൾ എന്നിവർ അറിയിച്ചു.