തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യത്തിനായി സര്‍ക്കാര്‍ ഓരോ ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപ. കുങ്കിയാനകള്‍ക്ക് തീറ്റ ലഭ്യമാക്കുന്നതിന് മാത്രമായി നാല്പതിനായിരത്തോളം രൂപ ചെലവിടുന്നതായാണ് അനൗദ്യോഗിക വിവരം. അരിക്കൊമ്പനെ മെരുക്കാനായി ഒരു മാസം മുന്‍പാണ് നാല് കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്. 301 കോളനിയിലാണ് നിലവില്‍ കുങ്കിയാനകൾക്ക് താവളം ഒരുക്കിയിരിക്കുന്നത്. ആനകള്‍ക്കാവശ്യമായ തീറ്റ എത്തിക്കുന്നതിന് പ്രാദേശിക കരാര്‍ നല്‍കിയിരിക്കുകയാണ്. കുങ്കിയാനകള്‍ക്കൊപ്പം പാപ്പാന്മാരും സഹായികളും ഉള്‍പ്പടെ പത്ത് പേരാണ് 301 കോളനിയിൽ താമസിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ വനം വകുപ്പ് എത്തിച്ച് നല്‍കും. ദൗത്യം ഇത്തരത്തിൽ അനന്തമായി നീളുന്നത് തുടർന്നാൽ ഖജനാവില്‍ നിന്നും വന്‍ തുക ഇനിയും നഷ്ടമാകും.
ഇവര്‍ താമസിക്കുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ദൗത്യത്തിനായി എത്തിയിരിക്കുന്ന 25 അംഗ ഉദ്യോഗസ്ഥ സംഘം, താമസിക്കുന്നത് മതികെട്ടാന്‍ ചോല വൈല്‍ഡ് ലൈഫ് ഡോര്‍മെറ്ററിയിലാണ്. ദൗത്യം നടപ്പിലാക്കുന്നത് വരെ കുങ്കിയാനകളും പ്രത്യേക സംഘവും ചിന്നക്കനാലില്‍ തുടരാനാണ് നിലവിലെ തീരുമാനം. അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ദൗത്യം എന്ന് നടപ്പിലാകുമെന്ന് വ്യക്തമല്ല.