
തിരുവനന്തപുരം: ‘കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി’ എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മിഷൻ 2026’ ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയിൽ ബി ജെ പി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർത്ഥ്യമാകണമെങ്കിൽ ബി ജെ പി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ‘മാച്ച് ഫിക്സിംഗ്’ ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.
ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി
ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ അമിത് ഷാ കടുത്ത ഭാഷയിൽ വിമർശിച്ചു. കേസ് സി ബി ഐ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് വിടാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും ഷാ വെല്ലുവിളിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വർണ്ണക്കൊള്ള വിഷയം എൽ ഡി എഫിനും യു ഡി എഫിനുമെതിരെ ബി ജെ പിയുടെ പ്രധാന രാഷ്ട്രീയ ആയുധമാക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷായുടെ വാക്കുകൾ. കോർ കമ്മിറ്റി യോഗങ്ങളിലും ബി ജെ പി – എൻ ഡി എ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു. ചടങ്ങിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അമിത് ഷായ്ക്ക് അയ്യപ്പ വിഗ്രഹം സമ്മാനമായി നൽകി.


