വയനാട്: പനമരം പരക്കുനിയില്‍നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ പോലീസ് തൃശ്ശൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുമായി പരിചയമുള്ള തങ്കമ്മ, വിനോദ് (29) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പനമരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശ്ശൂരില്‍ ഉണ്ടെന്ന് മനസിലായതോടെ വയനാട് ജില്ലാ പോലീസ് മേധാവി തൃശ്ശൂര്‍ സിറ്റി പോലീസുമായി സംസാരിച്ചു. തുടര്‍ന്ന് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടിവളവില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു.
പനമരത്തുനിന്നും വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് തങ്കമ്മയ്ക്കും വിനോദിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന പോലീസ് സംശയത്തെത്തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.
നാടോടികളായ തങ്കമ്മയും വിനോദും കാണാതായ കുട്ടിയുടെ വീടിനു സമീപത്തെ തങ്കമ്മയുടെ സഹോദരിയുടെ വീട്ടില്‍ ഇടക്ക് വന്ന് താമസിക്കാറുണ്ടായിരുന്നു. ഇങ്ങനെയാണ് ഇവര്‍ കുട്ടിയുമായി പരിചയത്തിലായത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് ഭിക്ഷാടന മാഫിയകള്‍ക്ക് കൈമാറാനാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പനമരം സ്റ്റേഷനില്‍ പരാതി ലഭിച്ച ഉടനെ പോലീസ് സമയോചിതമായി അന്വേഷണം നടത്തിയതിനാലാണ് 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്. എസ്.എച്ച്.ഒ. വി. സിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ. ദിനേശന്, സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. കെ.എന്‍. സുനില്‍കുമാര്‍, സി.പി.ഒമാരായ എം.എന്‍. ശിഹാബ്, സി.കെ. രാജി, ഇ.എല്‍. ജോണ്സണ് തുടങ്ങിയവാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.