തിരുവനന്തപുരം: കാണാതായ രണ്ടുവയസുകാരിക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും കുട്ടിയെ കണ്ടെത്തിയ ശേഷം ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ ആദ്യം കണ്ടെത്തുക എന്നതാണ് ഇപ്പോൾ പ്രധാനമെന്നും കൂടുതൽ പേരുമായി സംസാരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. പ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാവർഷവും ഇവർ രണ്ടോ മൂന്നോ മാസം കേരളത്തിൽ എത്താറുണ്ട്. കുട്ടിയെ കണ്ടെത്താനായി സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെ ആദ്യം കണ്ടെത്തണം. ശേഷം മാത്രമേ ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാകൂ. ഇത്രയും പ്ലാൻ ചെയ്ത് ഈ ഒരു സ്ഥലത്ത് വന്ന് ഈ ഒരു കുട്ടിയെ എടുത്തുകൊണ്ടു പോയതിനു പിന്നിൽ എന്താണ് ലക്ഷ്യമെന്നും പരിശോധിക്കുന്നുണ്ട്, സി.എച്ച് നാഗരാജു പറഞ്ഞു.
സമീപപ്രദേശങ്ങളിലെ ആളൊഴിഞ്ഞവീടുകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കണമെന്ന് പോലീസിന് നിർദേശം നൽകിയതായി മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു. അന്വേഷണം കൊല്ലം, കന്യാകുമാരിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിവിധ പോലീസ് സ്റ്റേഷനുകളിൽ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ പെട്ടെന്നുതന്നെ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ പല കുടുംബങ്ങളും പ്രദേശത്ത് വന്ന് താമസിക്കുകയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ, ഇതുവരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.