ഓൺലൈൻ ബാങ്ക് തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി ശ്വേത മേനോൻ. ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടവരിൽ നടി ശ്വേത മേനോനും ഉൾപ്പെട്ടിട്ടുണ്ടെന്ന ദേശീയ മാധ്യമങ്ങളിലെ വാർത്തകളുടെ പശ്ചാത്തലത്തിലാണ് ശ്വേതയുടെ പ്രതികരണം. വാർത്തകളിൽ പറയുന്ന ശ്വേത താനല്ല. ഇതേക്കുറിച്ച് ചോദിച്ച് കഴിഞ്ഞ ദിവസം മുതൽ ധാരാളം കോളുകൾ ലഭിക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു.
മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ നാൽപതോളം ഉപഭോക്താക്കൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപ നഷ്ടമായി. ഇതിൽ നടി ശ്വേത മേനോനും പണം നഷ്ടമായെന്ന തരത്തിൽ നടിയുടെ ചിത്രം ഉൾപ്പെടെയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ബാങ്കിന്റേതെന്ന വ്യാജേന ലഭിച്ച സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പലർക്കും അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ശ്വേത മേമൻ എന്ന മറ്റൊരു നടിയാണ് തട്ടിപ്പിനിരയായത്. പേരിലെ സാമ്യതയിൽ നിന്നാകാം തന്റെ പേരിൽ വാർത്തകൾ വന്നതെന്നും ശ്വേത പ്രതികരിച്ചു.
കെവൈസി, പാൻ വിശദാംശങ്ങൾ പുതുക്കാത്തതിനാൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകാർ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചത്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്തപ്പോൾ, ബാങ്കുകളുടേതിന് സമാനമായ ഒരു വ്യാജ വെബ്സൈറ്റാണ് ഓപ്പൺ ആയത്. ഇവിടെ, ഐഡി, പാസ് വേഡ്, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകാൻ ഉപഭോക്താവിനോട് ആവശ്യപ്പെട്ടു. ഇത് നൽകിയ ശേഷം നാൽപതോളം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്.