മനാമ: ബഹറിനിൽ ഇന്ന് നിരവധി മന്ത്രിമാർ കോവിഡ് -19 വാക്സിൻ സ്വീകരിച്ചു. പകർച്ചവ്യാധിയെ നേരിടാനും അതിന്റെ വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർ വാക്സിൻ സ്വീകരിച്ചത്. രാജ്യത്തിന്റെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായിട്ടാണ് വാക്സിൻ ഉപയോഗിക്കുന്നത് എന്ന് ആരോഗ്യമന്ത്രി ഫൈക അൽ സാലിഹ് പറഞ്ഞു.
സജീവമായ കോവിഡ് -19 കേസുകളുമായി നേരിട്ട് ബന്ധപ്പെടുന്ന മുൻനിര ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് -19 വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) അംഗീകാരം നൽകിയിട്ടുണ്ടെന്ന് നവംബർ 3 ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു .
ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പഠന ഫലങ്ങൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ബഹ്റൈനിൽ വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയത്.