തിരുവനന്തപുരം: മന്ത്രിമാർക്കെതിരായ സി.പി.എമ്മിന്റെ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്. പക്ഷേ, മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാം സർക്കാരും രണ്ടു വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നതായി വിമർശനങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പെരുമാറ്റം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ഓഫീസിൽ വരുന്നവരെ വിരസരാക്കുന്ന വിധത്തിൽ പെരുമാറരുത്. ഓഫീസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്തണം. വിവിധ ആവശ്യങ്ങൾക്കായി ആളുകൾ നിങ്ങളെ കാണാൻ വരുന്നു. ഓഫീസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പല മന്ത്രിമാരും തീരുമാനങ്ങളെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഭരണത്തിൽ പരിചയക്കുറവ് ഒരു പ്രശ്നമാണെന്നും വിമർശനം ഉയർന്നു. നേതാക്കൾ വിളിച്ചാൽ പോലും ചില മന്ത്രിമാർ ഫോൺ എടുക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. മുൻ മന്ത്രിമാരും വിമർശനം ഉന്നയിച്ചവരിൽ ഉൾപ്പെടുന്നു.