
തിരുവനന്തപുരം: സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിതിമിതികളുണ്ടെന്നും സിനിമകളുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡാണ് ഇടപെടേണ്ടതെന്നും സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്.
‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിനിമാ രംഗത്ത് നിന്നുള്ളവരുമായുള്ള യോഗം ചേര്‍ന്നിരുന്നു. ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അത് തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ട്.’-മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഒടിടിയിലും ഇത്തരം സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
