
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്നും മന്ത്രി വീണ ജോർജ്ജ്. കേരളത്തിലെ ആശുപത്രികളെല്ലാം വൻ കോർപ്പറേറ്റുകൾ വാങ്ങുകയാണ്. സജി ചെറിയാൻ പറഞ്ഞത് അതിനെക്കുറിച്ചാവുമെന്നും വീണ ജോർജ് മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിപ പ്രതിരോധത്തിൻ്റെ ഭാഗമായാണ് താൻ മലപ്പുറത്ത് എത്തിയത്. നിപയെ ഒറ്റക്കെട്ടായി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിരോധിക്കേണ്ട സമയമാണിത്. വഴി തടഞ്ഞാലും താൻ ഈ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ സംഘടനകളുടെ വഴിതടയൽ സമരത്തോട് മന്ത്രി പ്രതികരിച്ചു.
രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമെന്നും മന്ത്രി പറഞ്ഞു. 252 പേർ മലപ്പുറത്ത് സമ്പർക്ക പട്ടികയിലുണ്ട്. 461 പേർ ആകെ സമ്പർക്ക പട്ടികയിലുണ്ട്. 27 പേർ ഹൈറിസ്ക് കാറ്റഗറിയിലാണ്. അഞ്ച് ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകൾ നെഗറ്റീവാണ്. പാലക്കാട്ടെ രോഗബാധിതയുടെ രണ്ട് പെൺമക്കളുടെയും ഫലം നെഗറ്റീവാണ്. അതേസമയം നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത് സൈബർ പൊലീസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
