കൊച്ചി: വിവാദ മല്ലപ്പള്ളി പ്രസംഗക്കേസിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് വിധിയുണ്ടായത്.
സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഭരണസ്വാധീനമുപയോഗിച്ച് മന്ത്രി കേസ് അട്ടിമറിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പോലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. പ്രസംഗം വളച്ചൊടിച്ചെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്കു ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2022 ജൂലൈയിലാണ് ഭരണഘടനയ്ക്കെതിരായ മന്ത്രിയുടെ പരാമര്‍ശമുണ്ടായത്. പിന്നാലെ മന്ത്രി സ്ഥാനം നഷ്ടമായി. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം. ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രസംഗം. അതിങ്ങനെ: ‘‘ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവെച്ച ഭരണഘടന. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്’’.
പ്രസംഗം വിവാദമായതോടെ ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീട് മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിച്ച്, ഖേദം പ്രകടിപ്പിച്ചു. പക്ഷേ, മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. പിന്നീട് ഭരണഘടനയെ അവഹേളിച്ചതിന് തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വീണ്ടും മന്ത്രിയായി.