കൊല്ലം : ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും, കൃഷി ഭവന്റെയും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ കർഷക ദിനവും, മാതൃകാ കർഷകരെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ മാതൃകാ കർഷകരെയെല്ലാം പൊന്നാട അണിയിച്ച് ആദരിച്ചു.
രാവിലെ 9 മണിക്ക് കടയ്ക്കൽ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷൈസ്. എസ് സ്വാഗതം പറഞ്ഞു. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി കർഷക ദിനം ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ഷീര കർഷകരെ സഹായിക്കാൻ ഒട്ടനവധി പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. പാലളക്കുന്ന കർഷകർക്ക് ലിറ്ററിന് 4 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി ഇതിന്റെ ഭാഗമായി ആദ്യ ഗഡു കർഷകർക്ക് ഉടനെ ലഭ്യമാകും.
എല്ലാ ക്ഷീരകർഷകർക്കും 250 രൂപ കൈനീട്ടം നൽകുന്ന പദ്ധതി കൂടി ഏറ്റെടുത്തിട്ടുണ്ട്, ക്ഷീര കർഷകർക്ക് പശുവിനെ വാങ്ങാൻ 4% പലിശയിൽ ലോൺ നൽകാനുള്ള ഒരു പദ്ധതി തയ്യാറായി കഴിഞ്ഞു ഇതിലൂടെ ആദ്യ ഘട്ടമായി 10000 പശുവിനെ നൽകും.
മിൽമയുടെ ലാഭത്തിന്റെ നല്ലൊരു ഭാഗം ക്ഷീരകർഷകർക്കുള്ള പദ്ധത്തികൾക്കായി മാറ്റിവയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. മുതിർന്ന കർഷകനേയും മന്ത്രി ആദരിച്ചു. മികച്ച പച്ചക്കറി കർഷകയെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ആദരിച്ചു.
മികച്ച ജൈവ കർഷകയെ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ ആദരിച്ചു. മികച്ച നെൽ കർഷകനെ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ ആദരിച്ചു, മികച്ച കുരുമുളക് കർഷകനെ വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായരും, മികച്ച ക്ഷീര കർഷകയെ ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ കടയിൽ സലീം, മികച്ച എസ് സി കർഷകനെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ കെ. എം മധുരിയും ആദരിച്ചു. കൃഷിക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനം ബ്ലോക്ക് മെമ്പർ എസ് ഷജി, മികച്ച വിദ്യാർത്ഥി കർഷകനുള്ള സമ്മാനം ബ്ലോക്ക് മെമ്പർ സുധിനും നൽകി.
ആശംസകൾ അർപ്പിച്ചുകൊണ് പഞ്ചായത്ത് മെമ്പർമാരായ കെ. വേണു, ലൗലി സി. ആർ, സുരേഷ് ആർ സി, പ്രീതൻ ഗോപി, സുഷമ ജി, സബിത ഡി. എസ്, ജെ. എം മർഫി, അനന്തലക്ഷ്മി എസ്, ശ്യാമ എ, പ്രീജ മുരളി, റീന എസ്, ഷാനി എസ്. എസ്, അരുൺ കെ. എസ്, വി ബാബു എന്നിവരും, വി സുബ്ബലാൽ, പ്രതാപൻ പി, ബ്രിജേഷ്, സി. ദീപു,സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, കർഷകർ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ജീവനക്കാർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.കൃഷി അസിസ്റ്റന്റ് സുബിൻ രാജ് നന്ദി പറഞ്ഞു.
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം