
മനാമ: ഇറക്കുമതി ചെയ്ത കുതിരകള്‍ക്കായുള്ള ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നതായി ഏഷ്യന്‍ റേസിംഗ് ഫെഡറേഷന് പ്രഖ്യാപിച്ചു. ഇത് ബഹ്റൈനിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബിന്റെ (ആര്.ഇ.എച്ച്.സി) മുന്നേറ്റ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലായി.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫി റേസുകളിലൊന്നായ അല്‍ അദിയാത്ത് കപ്പിനെ അന്താരാഷ്ട്രതലത്തില്‍ തരംതിരിച്ച ‘ലിസ്റ്റഡ് റേസുകളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഏഷ്യന്‍ റേസിംഗ് ഫെഡറേഷനും ഏഷ്യന്‍ പാറ്റേണ്‍ കമ്മിറ്റിയും അംഗീകാരം നല്കി.
ബഹ്റൈന്‍ കുതിരപ്പന്തയത്തെ ഉയര്‍ന്ന അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ ആര്.ഇ.എച്ച്.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യൂസഫ് ഉസാമ ബുഹേജി അഭിമാനം പ്രകടിപ്പിച്ചു. ക്രൗണ്‍ പ്രിന്‍സ് കപ്പിനെ ഗ്രൂപ്പ് 3 പദവിയിലേക്ക് ഉയര്‍ത്തിയത് വര്‍ഷങ്ങളായുള്ള ഈ മത്സരത്തിന്റെ വിശിഷ്ടമായ പ്രശസ്തിയും സംഘടനാ വിജയവും എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


 
