കൊച്ചി: മൂവാറ്റുപുഴ വാളകത്ത് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ (26) മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എറണാകുളം റൂറൽ എസ്പി വെെഭവ് സക്സേന പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലീസ് നീക്കം.വാളകം സ്വദേശികളായ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്.
മർദ്ദനത്തിൽ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടായതും ശ്വാസകോശം തകർന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ ആകുമെന്നാണ് വിവരം. കൂടാതെ സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എസ് പി അറിയിച്ചു. വിവരം അറിഞ്ഞ് പത്ത് മിനിട്ടിനകം പൊലീസ് സ്ഥലത്തെത്തി പത്ത് പേരെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.മരിച്ച അശോക് ദാസിന്റെ പെൺ സുഹൃത്തുക്കൾ പ്രതികൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. പെൺ സുഹൃത്തുക്കളെ കോടതിയിൽ എത്തിച്ച് രഹസ്യ മൊഴിയും എടുത്ത ശേഷമാണ് പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഉച്ചയോടെ വാളകത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലും കെട്ടിയിട്ട് മർദിച്ച സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്.വ്യാഴാഴ്ച്ച രാത്രിയാണ് അശോക് ദാസിന് മർദനമേല്‍ക്കുന്നത്. തുടർന്ന് അവശനിലയിലായ അശോകിനെ പുലര്‍ച്ചെ തന്നെ പൊലീസെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു.