മനാമ: തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി തൊഴിൽ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. തുറസായ സ്ഥലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം ബാധകമാകുന്നത്.
തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക, ചൂട്, ക്ഷീണം, സൂര്യാഘാതം എന്നിവയ്ക്കെതിരായ അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, വേനൽക്കാല സംബന്ധമായ രോഗങ്ങൾ തടയുക, തൊഴിലിടങ്ങളിലെ അപകടം കുറയ്ക്കുക തുടങ്ങിയവയാണ് മധ്യാഹ്ന തൊഴിൽ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്. വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നതിലൂടെ അവരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. നിയമനിർമ്മാണത്തിലെ വ്യവസ്ഥകൾ പാലിക്കാൻ തൊഴിലുടമകളെയും തൊഴിലാളികളെയും പ്രേരിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിൻ തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതോടൊപ്പം തൊഴിൽ മന്ത്രാലയം ബഹുഭാഷാ ലഘുലേഖകൾ, പോസ്റ്റുകൾ, വെർച്വൽ വർക്ക് ഷോപ്പുകൾ എന്നിവയും സംഘടിപ്പിച്ചിരുന്നു. 30,000 സ്ഥാപനങ്ങളാണ് ഈ നിയമം നടപ്പാക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
നിയമ ലംഘകർക്ക് 500 ബഹ്റൈൻ മുതൽ 1000 ബഹ്റൈൻ ദിനാർ വരെ പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവയ്ക്കേണ്ടി വരും. ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതികൾക്ക് 17873648 എന്ന നമ്പറിൽ ബന്ധപ്പെടാം. മുൻ വർഷങ്ങളിൽ 98 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചിരുന്നു. തൊഴിൽ നിയമം നിലവിൽ വന്നതോടെ സൂര്യാഘാതം മൂലമുണ്ടാകുന്ന അപകടങ്ങളിലും കുറവ് വന്നിട്ടുണ്ട്. 2007ലാണ് ബഹറിനിൽ തൊഴിൽ നിയന്ത്രണം നടപ്പിലാക്കിയത്.