അഗളി: അട്ടപ്പാടി ഗവ. കോളജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിനെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഓഫീസ് ഉപരോധിച്ച പ്രവർത്തകർ പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് പിന്നില്‍ വാഴ വെക്കുകയും ചെയ്തു. പ്രിൻസിപ്പൽ എന്ന ബോർഡ് സഹിതമാണു വാഴ വച്ചത്.’വാഴയാണെങ്കിൽ കുലയ്ക്കുകയെങ്കിലും ചെയ്യും പ്രിൻസിപ്പൽ ഒന്നും ചെയ്യുന്നില്ല’ എന്ന മുദ്രാവാക്യവും എസ്എഫ്ഐ പ്രവർത്തകർ മുഴക്കി. ഭക്ഷണം മുടങ്ങിയതോടെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥിനികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ വിഷയം എസ്എഫ്ഐ ഏറ്റെടുക്കുകയും പ്രവർത്തകർ പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ മുദ്രാവാക്യം വിളിക്കുകയും അകത്ത് കയറി കസേരയ്ക്കു പിന്നിൽ വാഴ സ്ഥാപിക്കുകയുമായിരുന്നു.
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കുടുംബശ്രീ വഴി പാചകമുള്‍പ്പെടേയുള്ള ജോലികള്‍ക്കായി 10 ജീവനക്കാരെ കരാർ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ഇവർക്ക് ആറ് മാസമായി വേതനം ലഭിക്കുന്നില്ല. ഇതേ തുടർന്ന് ഇന്നലെ മുതല്‍ ഉച്ചഭക്ഷണം തയ്യാറാക്കില്ലെന്ന നിലപാടിലേക്ക് തൊഴിലാളികള്‍ എത്തിയതോടെയാണ് വിദ്യാർത്ഥിനികളുടെ ഭക്ഷണം മുടങ്ങിയത്. 79 ദിവസത്തെ കരാർ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കുന്നതിനു കോളജ് അധികൃതരും പ്രിന്‍സിപ്പലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ അഗളി പൊലീസ് സ്ഥലത്ത് എത്തുകയും പ്രിന്‍സിപ്പലുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തുകയും ചെയ്തു. ഹോസ്റ്റലില്‍ ജോലി ചെയ്തവർ കുടുംബശ്രീക്കാരാണെന്ന് അഗളി പഞ്ചായത്തുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തിയ ശേഷം വേതനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിച്ചു. ഹോസ്റ്റലില്‍ ഭക്ഷണം മുടങ്ങാതിരിക്കാനുള്ള നടപടി ഉണ്ടാവുമെന്നും അവർ വ്യക്തമാക്കി.
വിദ്യാർത്ഥിനികള്‍ക്കുള്ള ഉച്ചഭക്ഷണം ക്യാന്റീനില്‍ നിന്ന് ഏർപ്പാടാക്കുകയും ചെയ്തു. വേതനം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഉറപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ വൈകിട്ടു ഭക്ഷണം പാകം ചെയ്യാമെന്നു കുടുംബശ്രീ ജീവനക്കാരും സമ്മതിച്ചു. പലചരക്ക് കടയില്‍ നല്‍കാനുള്ള രണ്ട് ലക്ഷം രൂപയുടെ ബാധ്യത പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നതടക്കമുള്ള ധാരണയില്‍ ഉച്ചയോടെ സമരം അവസാനിച്ചെങ്കില്‍ വൈകീട്ടോടെ വിദ്യാർത്ഥികള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വന്നു. തിങ്കളാഴ്ചയോടെ കടക്കാരന് പൈസ കൊടുക്കാമെന്ന തീരുമാനത്തില്‍ നിന്നും പ്രിന്‍സിപ്പല്‍ പിന്നോട്ട് പോയെന്നാണെന്നാണ് പൊലീസ് പറയുന്നു. ബിൽ നൽകിയാൽ ട്രഷറിയിൽ നിന്നു പണം ലഭിക്കും. എന്നാല്‍ ബിൽ പാസാക്കാൻ കോളജ് അധികൃതർ തയാറാകാത്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഹോസ്റ്റലിലെ പട്ടികവിഭാഗക്കാരായ നാൽപതോളം കുട്ടികളുടെ മെസ് ഫീയും സാമ്പത്തികാനുകൂല്യങ്ങളും 6 മാസമായി നല്‍കിയിട്ടില്ല. മെസ് ഫീ ഇനത്തിൽ 5 ലക്ഷത്തോളം രൂപയും സർക്കാർ നല്‍കാനുണ്ട്. എസ്എഫ്ഐ മുൻനേതാവ് കെ.വിദ്യ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിനു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയ കോളേജാണ് അഗളി ഗവ. കോളേജ്. വിഷയം പൊലീസിനെ അറിയിച്ച ലാലി വർഗീസാണ് ഇപ്പോഴും കോളേജ് പ്രിൻസിപ്പൽ.