മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ ഹലിസ്കോയിലെ സപോപൻ മേഖലയിലെ മലഞ്ചെരുവിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 45 ബാഗുകൾ കണ്ടെത്തി. ബാഗിനുള്ളിൽ നിന്ന് സ്ത്രീകളുടെയും പുരുഷൻമാരുടെയും എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പടിഞ്ഞാറൻ മെക്സിക്കൻ നഗരമായ ഗ്വാദലഹാരയിൽ നിന്ന് കാണാതായ ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇവയെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ദുഷ്കരമായ മേഖലയായതിനാൽ അടുത്ത ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്നാണ് വിവരം.കഴിഞ്ഞ ആഴ്ചയാണ് ഒരു കാൾസെന്ററിൽ ജോലി ചെയ്യുന്ന ഏഴുപേരെ കാണാതായത്. മേയ് 20 മുതലാണ് ഇവരെ കാണാതായത്. എന്നാൽ പലദിനവസങ്ങളിലായാണ് ഇത് സംബന്ധിച്ച പരാതി പൊലീസിന് ലഭിക്കുന്നത്. സംഭവത്തിൽ ദുരൂഹത വർദ്ധിച്ചതോടെയാണ് സമീപപ്രദേശങ്ങളിലുൾപ്പെടെ പൊലീസ് തെരച്ചിൽ ശക്തമാക്കിയത്. ഇതിനിടെയാണ് ദുരൂഹമായ സാഹചര്യത്തിൽ ബാഗുകൾ കണ്ടെത്തിയത്. ഇവർ ജോലി ചെയ്തിരുന്ന കോൾ സെന്റർ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
സ്ഥാപനത്തിൽ നിന്ന് കഞ്ചാവും രക്തക്കറയുമുള്ള വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തതായി വിവരമുണ്ട്. അതേസമയം കാണാതായവരെ ക്രിമിനലുകളാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് ഇവരുടെ കുടുംബാംഗങങൾ രംഗത്തെത്തിയിട്ടുണ്ട്.
മെക്സിക്കോയിൽ കാണാതായവരുടെ എണ്ണം 110,000 കവിഞ്ഞു. ഫെഡറൽ ഗവൺമെന്റ് ഡാറ്റ പ്രകാരം കാണാതായ ഏറ്റവും കൂടുതൽ ആളുകളുള്ള സംസ്ഥാനമാണ് ജാലിസ്കോ, 15,000 പേർ. മോർച്ചറികളിലും ശ്മശാനങ്ങളിലും ആയിരക്കണക്കിന് തിരിച്ചറിയപ്പെടാത്ത അവശിഷ്ടങ്ങളുണ്ട്.