മലപ്പുറം: കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് നാട്ടുകാർക്കും സിപിഎം നേതാക്കൾക്കുമായി വാട്സാപ്പിൽ സന്ദേശമയച്ചു. താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷേ ഇതല്ലാതെ മറ്റൊരു വഴിയും കണ്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശം തുടങ്ങുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാവപ്പെട്ട നിരവധി കുടുംബങ്ങൾ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മുജീബ് റഹ്മാൻ അയച്ച സന്ദേശത്തിൽ പറയുന്നു.
സന്ദേശത്തിന്റെ പൂർണരൂപം:
ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷേ ഇതല്ലാതെ മറ്റൊരു വഴിയും കണ്ടില്ല.നല്ലവരായ കേരള സമൂഹത്തിന് ഇത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാവപ്പെട്ട നിരവധി കുടുംബങ്ങൾ ഇതുപോലെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇനി ഒരു കുടുംബത്തിനും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത്. ഇനിയെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയല്ലാതെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. ഞാൻ ഇപ്പോൾ ചെയ്ത തെറ്റ് കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എനിക്ക് ചെയ്യേണ്ടി വന്നതാണ്. ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് അന്വേഷിച്ച് ഒരു വ്യക്തമായ മറുപടി ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നൽകണം. എന്ന് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം മുജീബ്. തന്നെ ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെടുത്താനാവുമോ എന്നന്വേഷിച്ച് മുജീബ് പല തവണ ഓഫീസിലെത്തിയിരുന്നതായാണു വിവരം. എന്നാൽ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അറിയിച്ച് അധികൃതർ ഇയാളെ മടക്കി അയക്കുകയായിരുന്നു.