
കെയ്റോ: ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലിന്റെ സ്ഥിരം പ്രതിനിധിതല അടിയന്തര യോഗത്തില്‍ ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ പങ്കെടുത്തു.
ഇസ്രായേല്‍ ആക്രമണത്തിനും ഉപരോധത്തിനും ഇടയില്‍ ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പലസ്തീന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് കെയ്റോയിലെ അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്നത്.
ഗാസയിലെ സാധാരണക്കാര്‍ നേരിടുന്ന മാനുഷിക പ്രതിസന്ധിയോട് പ്രതികരിക്കുന്നതിനുള്ള അടിയന്തര അറബ് നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ ഒഴുക്ക് ഉറപ്പാക്കുക, വെടിനിര്‍ത്തലിനും ഉപരോധം നീക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കാനും അന്താരാഷ്ട്ര വേദികളില്‍ ഫലപ്രദമായ നയതന്ത്ര നടപടികള്‍ സ്വീകരിക്കുക എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു.
