ഹ്യുസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ എഡ്വിന്സും, ഫോമയും , ഫൊക്കാനയും, മാഗും, വേൾഡ് മലയാളി കൗൺസിലും, ഐഎൻഒസിയും ഐപിസിഎൻ എയും സംയുക്തമായി, ഞായറാഴ്ച ഒക്ടോബർ 11ന് നടത്തിയ ബ്ലഡ് ഡ്രൈവിനോടൊപ്പം രാവിലെ 11 മണിക്ക് സ്റ്റാഫ്ഫോർഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിം നർവിയോസ്, വെൻ ഗ്വേര, സെസിൽ വില്ലിസ്, എജെ ഓൺറോയ്, മിസോറി സിറ്റി മേയർ ആയി മത്സരിക്കുന്ന ഫ്രെഡ് ജി ടെയ്ലർ, ടെക്സാസ് സ്റ്റേറ്റ് റെപ്രസന്റേറ്റിവ് ആയി ഹൌസ് ഡിസ്ട്രിക്ട് 27 ൽ നിന്ന് മത്സരിക്കുന്ന റോൺ റെയ്നോൾഡ്സ് എന്നിവരെ അണിനിരത്തി മീറ്റ് ദി ക്യാൻഡിഡേറ്റ് / ഡിബേറ്റ് നടത്തപ്പെട്ടു. ഇത് അമേരിക്കൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെ അമേരിക്കൻ കൗണ്ടിതല രാഷ്ട്രീയത്തിലെ എല്ലാ മത്സരാർത്ഥികളെയും അണിനിരത്തി മലയാളി സംഘടനകൾ ഒരു ഡിബേറ്റ് നടത്തുന്നത്. അമേരിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റിനോട് കിടപിടിക്കുന്ന തരത്തിൽ ഇത്തരം ഒരു ഡിബേറ്റ് നടത്തിയതിൽ ചേംബർ ഓഫ് കൊമേയ്സും ജിജു കുളങ്ങരയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. മോഡറേറ്ററായി മികച്ച നിലവാരത്തിൽ സ്റ്റീവ് ജോൺ പുന്നേലി കൃത്യതയോടെ ഡിബേറ്റ് കൈകാര്യം ചെയ്തു. എം സി ആയി ജോർജ് ഈപ്പനും അബിയാ മൽഹോത്രയും നേതൃത്വം നൽകി. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ജോർജ്ജ് കോലാച്ചേരിൽ കടന്നു വന്നവർക്കു സ്വാഗതം ആശംസിച്ചു.
മലയാളികൾ നടത്തിയ ഈ ഡിബേറ്റിൽ മലയാളി സ്ഥാനാർത്ഥികളുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. മുൻ നിശ്ചയിച്ച മറ്റൊരു പ്രോഗ്രാം ഉണ്ടായിരുന്നതുകൊണ്ട് മിസോറിസിറ്റി മേയർ ആയി മത്സരിക്കുന്ന റോബിൻ ഇലക്കാട്ടിനു വരൻ സാധിക്കില്ല എന്ന് അറിയിച്ചിരുന്നു. മലയാളികൾ അധികവും വോട്ടർമാരായുള്ള ഹൌസ് ഡിസ്ട്രിക്ട് 27ൽ നിന്ന് ഡെമോക്രാറ്റിന്റെ റോൺ റെയ്നോൾഡ്സിനെതിരെ റിപ്പബ്ലിക്കൻ ടിക്കറ്റിൽ മത്സരിക്കുന്ന റ്റോം വിരിപ്പൻ പങ്കെടുക്കാതിരുന്നതിൽ ഹ്യുസ്റ്റൺ മലയാളികളുടെ നിരാശ ഡിബേറ്റിലുടനീളം പ്രകടമായിരുന്നു. മലയാളി സമൂഹത്തിനു വേണ്ടി എന്തൊക്കെ കാര്യങ്ങൾ ഈ സ്ഥാനാർഥികൾക്ക് ചെയ്യാനാകും എന്ന് മനസ്സിലാക്കുന്നതിന് ഇത്തരം പ്രോഗ്രാമുകൾ സഹായകരമാകുമെന്നും അതിനുള്ള അവസരമാണ് വരാതിരുന്നവർ നഷ്ടപ്പെടുത്തിയത് എന്നും പലരും സൂചിപ്പിച്ചു.
സ്റ്റാഫ്ഫോർഡ് സിറ്റിയുടെ വളർച്ചക്കും സുരക്ഷക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകികൊണ്ട് സംസാരിച്ച സ്റ്റാഫ്ഫോർഡ് സിറ്റിമേയർ സ്ഥാനാർത്ഥികൾ തങ്ങളുടെ വികാസനോന്മുഖമായ വാദഗതികൾ മലയാളികൾക്ക് മുൻപിൽ പങ്കുവച്ചു. പോലീസ് ഫോഴ്സിന്റെ അഭാവം നികത്തി സുരക്ഷ ശക്തമാക്കുമെന്ന് അവർ ഉറപ്പു നൽകി. പ്രൈവറ്റ് സ്കൂളുകളുടെ നിലവാരത്തെക്കാൾ മികച്ച നിലവാരത്തിൽ സ്റ്റാഫ്ഫോർഡിലെ പബ്ലിക് സ്കൂളുകൾ എത്തിക്കുവാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
65 വയസ്സ് കഴിഞ്ഞവർക്ക് പ്രോപ്പർട്ടി ടാക്സിൽ ഇളവോ ഇല്ലാതാക്കുകയോ ചെയ്യും എന്ന് മിസോറി സിറ്റി മേയർ ആയി മത്സരിക്കുന്ന ഫ്രെഡ് ജി ടെയ്ലർ പറഞ്ഞതു ശ്രദ്ധേയമായി. മികച്ച നിലവാരമുള്ള ബിസിനസ് സ്ഥാപനങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏകദേശം ഒരു എട്ടു പത്തു വർഷം മുൻപ് മിസോറി സിറ്റി, സ്റ്റാഫോർഡ്, ഷുഗർ ലാൻഡ്, എന്നിവിടങ്ങളിൽ താമസിച്ചിരുന്ന മലയാളികളെ ടാർഗറ്റ് ചെയ്തുകൊണ്ട് വലിയ മോഷണ ശ്രമങ്ങളും മോഷണങ്ങളും നടന്നതും ആ സമയം പ്രതിനിധിയായിരുന്ന റോൺ റെയ്നോൾഡ്സ് ഈ വിഷയത്തിൽ വളരെ ശക്തമായി ഇടപെട്ടതും ഓർപ്പിച്ചുകൊണ്ടു സംസാരിച്ച റോൺ, തൻ ഒരു നല്ല അച്ഛനും ഭർത്താവും ആണെന്ന് പറഞ്ഞു. സൗത്ത് ഇന്ത്യൻ മലയാളി കമ്മ്യൂണിറ്റിയുമായി ഇതുവരെയുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കി മുന്നോട്ടു പോകുവാൻ ശ്രമിക്കുമെന്നും റോൺ വ്യക്തമാക്കി. വികസനത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകികൊണ്ടുള്ള ഒരു പ്രവർത്തനം കാഴ്ച വെക്കുവാൻ തൻ ശ്രമിക്കുമെന്നും മനുഷ്യനെ വർഗ്ഗിയവത്ക്കരിച്ചും ദേശീയതയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനെ എതിർക്കുമെന്നും റോൺ കൂട്ടിച്ചേർത്തു. തന്റെ എതിർ സ്ഥാനാർഥിയായ ടോം വിരിപ്പൻ പങ്കെടുക്കാതിരുന്നതിലുള്ള പ്രയാസവും റോൺ പങ്കുവച്ചു. ടോം വിരിപ്പാണ് നല്ല ഒരു തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പിന്നീട് ആശംസ സന്ദേശത്തിൽ, ഇത്തരം ഒരു ഡിബേറ്റ് സംഘടിപ്പിച്ച എല്ലാവരെയും ഫോർട്ട് ബെൻഡ് കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി ചെയർ ലിൻഡ ഹൌവെൽ അഭിനന്ദിച്ചു സംസാരിച്ചു അതോടൊപ്പം മലയാളികൾ റിപ്പബ്ലിക്കൻ പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്ജ് എല്ലാ മത്സരാത്ഥികൾക്കും വിജയാശംസകൾ നേരുകയും അതോടൊപ്പം എതിർ സ്ഥാനാർത്ഥികളെ സമൂഹമദ്ധ്യേ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പുപ്രചാരണം മലയാളികളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത് അതിനാൽ അത്തരത്തിലുള്ള പ്രചാരണം ഉപേക്ഷിക്കുന്നതാണ് വരും തലമുറകൾക്കു നമുക്ക് നൽകാനുള്ള പാഠം എന്നും പറഞ്ഞു. കടന്നു വന്ന എല്ലാവർക്കും ഡോ. ജോർജ്ജ് കാക്കനാട് നന്ദി രേഖപ്പെടുത്തി. ഡിബേറ്റിന്റെ തത്സമയ പ്രക്ഷേപണം പ്രവാസിചാനൽ ചെയ്തിരുന്നു. താഴെയുള്ള ലിങ്കിൽ നിന്നും ഈ ഡിബേറ്റിന്റ പുനഃപ്രക്ഷേപണം കാണാവുന്നതാണ്.