
റിയാദ്: മദീനക്ക് സമീപം ഞായാഴ്ച രാത്രിയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച 45 ഇന്ത്യൻ ഉംറ തീർഥാടകരുടെ തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും ചൊവ്വാഴ്ച മദീനയിലെത്തി. മാജിദ് ഹുസൈന് എം.എൽ.എ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ബി. ഷഫിഉള്ള എന്നിവരാണ് സംഘത്തിലുള്ളത്. സ്ഥിതിഗതികളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായി സംഘം ചർച്ച നടത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളും സൗദിയിലെത്തി. ബുധനാഴ്ച്ച പുലർച്ചെ രണ്ടിന് കുവൈത്ത് എയർവേയ്സിലാണ് എത്തിയത്.
മൃതദേഹങ്ങൾ കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും രേഖാപരമായ നടപടികൾ വേഗത്തിലാക്കാനും ഇന്ത്യയുടെയും സൗദിയുടെയും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ മദീനയിൽ യോഗം ചേർന്നിരുന്നു. തുടർന്നുള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനാണ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും മദീനയിൽ എത്തിയതെന്നും ഫഹീം ഖുറേഷി പറഞ്ഞു. കുടുംബാംഗങ്ങളുടെ സൗദി യാത്രയുടെയും താമസത്തിെൻറയും മുഴുവൻ ചെലവുകളും തെലങ്കാന വഹിക്കും. മദീനയിൽ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ താമസസൗകര്യവും പ്രാദേശിക ഗതാഗതവും മറ്റ് ക്രമീകരണങ്ങളും പൂർണമായും സർക്കാർ കൈകാര്യം ചെയ്യുമെന്നും അറിയിച്ചു.
പാസ്പോർട്ട്, വിസ നടപടികൾ പൂർത്തീകരിക്കാനും സൗദി എംബസിയുമായി ബന്ധപ്പെടുന്നതിലും കുടുംബാംഗങ്ങൾക്ക് സർക്കാർ സഹായം നൽകിയതായും ഖുറേഷി അറിയിച്ചു. ആകെ 32 പേരാണ് സൗദിയിലെത്തുയത്. ഇതിൽ 26 പേർ മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങളാണ്. സമയബന്ധിതമായി പാസ്പോർട്ടോ വിസയോ ലഭിക്കാത്തവർക്ക് അടുത്ത വിമാനത്തിൽ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും എല്ലാ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാരിൽ നിന്ന് പൂർണ പിന്തുണ ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരുമെന്നും ഖുറേഷി ഉറപ്പ് നൽകി.


