
മനാമ: ബഹ്റൈനില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അടുത്തിടെ അംഗീകരിച്ച പ്രസ് ആന്റ് ഡിജിറ്റല്‍ മീഡിയ നിയമത്തിന്റെ പ്രധാന നേട്ടങ്ങള്‍ അവലോകനം ചെയ്യാനായി ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു. ബഹ്റൈന്‍ ജേണലിസ്റ്റ് അസോസിയേഷന് (ബി.ജെ.എ) പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
രാജാവിന്റെ മാധ്യമകാര്യ ഉപദേഷ്ടാവ് നബീല്‍ ബിന്‍ യാക്കൂബ് അല്‍ ഹമര്‍, വാര്‍ത്താവിനിമയ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി, കിരീടാവകാശിയുടെ കോര്‍ട്ടിലെ മാധ്യമകാര്യ ഉപദേഷ്ടാവ് ഇസ ബിന്‍ അബ്ദുറഹ്മാന് അല്‍ ഹമ്മദി, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി യൂസിഫ് അല്‍ ബിന്ഖലീല്, നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (എന്‍.സി.സി) സി.ഇ.ഒ. അഹമ്മദ് ഖാലിദ് അല്‍ അറൈഫി എന്നിവരും പങ്കെടുത്തു.
ബഹ്റൈന്റെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ബി.ജെ.എ. നേതാവ് ഇസ അല്‍ ഷൈജി പറഞ്ഞു. അസോസിയേഷന് ഭൂമി അനുവദിക്കാനും സ്ഥിരമായ ഒരു ആസ്ഥാനം പണിയാനുമുള്ള രാജാവിന്റെ ഉത്തരവിനെ അദ്ദേഹം സ്വാഗതം ചെയ്തു.


