
മനാമ: ബഹ്റൈനിലെ പുതിയ മാധ്യമ നിയമ കരട് ഭേദഗതി ശൂറ കൗണ്‍സിലിന്റെ ഞായറാഴ്ച ചേരുന്ന പ്രതിവാര സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
2002ലെ പത്ര, അച്ചടി, പ്രസിദ്ധീകരണ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ക്കും ആധുനിക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുമെല്ലാം ബാധകമായ തരത്തില്‍ ഒരു ആധുനിക നിയമ ചട്ടക്കൂട് കൊണ്ടുവരാനുള്ളതാണ് ഭേദഗതി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് തടവുശിക്ഷ ഒഴിവാക്കാനുള്ള വ്യവസ്ഥ പുതിയ ബില്ലിലുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യവും നിയമപരമായ ഉത്തരവാദിത്തവും സന്തുലിതമാക്കിക്കൊണ്ടുള്ള നിയമമാണിത്. രാജ്യത്തിന്റെ പുതിയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനൊപ്പം മാധ്യമങ്ങള്‍ക്കും ഇടം നല്‍കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
എം.പിമാര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ബഹ്റൈന്‍ ജേണലിസ്റ്റ്സ് അസോസിയേഷന്, പ്രാദേശിക മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുടെയെല്ലാം അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് ബില്‍ തയ്യാറാക്കിയതെന്ന് ശൂറ കൗണ്‍സിലിന്റെ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ജമീല അല്‍സല്‍മാന്‍ പറഞ്ഞു.


