
തിരുവനന്തപുരം: എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാന്‍ കേരള സര്‍വകലാശാല തീരുമാനം. സെനറ്റ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന് കുന്നുമ്മലാണ് തീരുമാനമെടുത്തത്.
സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബൈക്കില്‍ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജില്‍ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.
മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകന് നല്കിയ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സര്‍വകലാശാലാ തീരുമാനം. ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് വിസി അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
