തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ എച്ച്. യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഇതിനെ സംബന്ധിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് കേസ്. ഓവർടേക്കിംഗുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയർ പറഞ്ഞിരുന്നു.ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യദു കോടതിയിൽ ഹർജി നൽകിയിരുന്നു. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്.
ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും യദു പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് യദു കോടതിയെ സമീപിച്ചത്.മേയറും ഭർത്താവ് സച്ചിൻ ദേവും കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞത് വൻവിവാദമായിരുന്നു. തുടർന്ന് യദു നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരം ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആര്യാ രാജേന്ദ്രനടക്കം അഞ്ച് പേർക്കെതിരെയാണ് കേസ്. യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഐപിസി 353 വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.