തിരുവനന്തപുരം: പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും ഇന്നും നാളെയും (ജൂലൈ 15, 16) നടക്കുന്ന ഊര്‍ജിത പരിശോധനാ യജ്ഞത്തില്‍ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും നിര്‍ബന്ധമായും പരിശോധനയില്‍ പങ്കെടുക്കേണ്ടതാണ്. രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പരിശോധനകളാണ് നടത്തുന്നത്. നിലവിലെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും മൊബൈല്‍ ലാബുകളില്‍ നിന്നും പരിശോധന നടത്താവുന്നതാണ്. ഇതുകൂടാതെ പ്രത്യേക സ്ഥലങ്ങളിലുള്ള ടെസ്റ്റിംഗ് ക്യാമ്പുകളിലും പങ്കെടുക്കാവുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് വേണ്ട സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനും കോവിഡിന് മുമ്പുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും വേണ്ടിയാണ് ഊര്‍ജിത പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നത്. ആന്റിജന്‍, ആര്.ടി.പി.സി.ആര്. പരിശോധനകളാണ് നടത്തുന്നത്. ശ്വാസകോശ സംബന്ധമായതും ഗുരുതര രോഗമുള്ളവരുമായ എല്ലാവരും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്.