തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരായ മാസപ്പടി കേസിൽ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴല്നാടന്. ചെയ്യാത്ത സേവനത്തിന് വന്‍തുക കൈപ്പറ്റി എന്ന കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന മുന്‍ ആവശ്യത്തിന് പകരം, കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴല്നാടൻ കോടതിയിൽ ആവശ്യപ്പെട്ടത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനു കീഴിലെ സി.എം.ആര്.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള ഹര്‍ജിയിലാണ് മാത്യു കുഴല്നാടന് വീണ്ടും നിലപാട് മാറ്റിയിരിക്കുന്നത്. ഹര്‍ജിയില്‍ വിജിലന്‍സ് കോടതി തന്നെ നേരിട്ട് അന്വേഷണം നടത്തണമെന്നാണ് കുഴല്നാടന് ആവശ്യപ്പെട്ടത്.
വ്യാഴാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കുഴല്നാടന് നിലപാട് മാറ്റിയത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് കോടതി നേരിട്ട് ഹര്‍ജി അന്വേഷിക്കേണ്ടെന്നും, പകരം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു മാത്യു കുഴല്നാടന് കോടതിയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ അത് സംബന്ധിച്ച് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം, ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍, പുതിയ ഹര്‍ജി സമര്‍പ്പിക്കുന്നതിന് പകരം കേസ് വിജിലന്‍സ് അന്വേഷിക്കണ്ടെന്നും പകരം കോടതി അന്വഷിച്ചാല്‍ മതിയെന്നും മാത്യു കുഴല്നാടന് ആവശ്യപ്പെടുകയായിരുന്നു.
വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദം സംബന്ധിച്ച കേസ് നേരത്തെ മറ്റൊരു ഏജന്‍സിയാണ് അന്വേഷിച്ചിരുന്നത്. കേസ് മറ്റൊരു ഏജന്‍സിയുടെ അന്വേഷണ പരിധിയിലായതിനാല്‍ വിജിലന്‍സിന് ഈ കേസ് അന്വേഷിക്കാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു അന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ എടുത്തത്. നിലപാടില്‍ മാറ്റംവന്നതിനാല്‍ ഹര്‍ജിയില്‍ വിധി പറയാന്‍ പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.