തിരുവനന്തപുരം: ബ്രിട്ടീഷ് ഭരണം അവസാനിച്ചിട്ടും ശേഷിപ്പായി നിലനിൽക്കുകയാണ് തപാൽ വകുപ്പിലെ ഗ്രാമീൺ ടാക് സേവക് സമ്പ്രദായമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പറഞ്ഞു. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ എക്ട്രാ ഡിപ്പാർട്ട്മെന്റ് വിഭാഗം പുതിയ പേരിൽ പഴയ രീതിയിലുളള അടിമത്വ വ്യവസ്ഥ തപാൽ വകുപ്പിൽ ഇന്നും. നിലനിൽക്കുകയാണെന്ന് അഖിലേന്ത്യാ ഗ്രാമീൺ ടാക് സേവക് യൂണിയന്റെ നേതൃത്ത്വത്തിൽ തിരുവനന്തപുരത്ത് ചീഫ് പി.എം.ജി ഓഫീസിന് മുന്നിൽ നടന്ന കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോവിഡ് മഹാമാരി കാലത്ത് ആനുകൂല്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ പ്രവർത്തിച്ച ഗ്രാമീണ തപാൽ ജീവനക്കാർക്ക് ടാർഗറ്റ് നൽകി തപാൽ ഉൽപന്നങ്ങൾ വിൽക്കുവാനുള്ള . നിർബന്ധിത നിലപാടാണ് വകുപിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചത് പ്രതിക്ഷേധാർഹമാണ്. രാജ്യത്ത് കർഷക വിരുദ്ധ നിലപാട് എടുത്ത മോദി ഗവൺമെന്റിനെ ജനങ്ങൾ ഒറ്റകെട്ടായി നിന്നതോടെ കേന്ദ്ര സർക്കാർ മുട്ട് സമരത്തിന് മുമ്പിൽ മടക്കിയെന്നും ചുണ്ടികാട്ടി.. ഇത്തരത്തിൽ ഗ്രാമീണ മേഖലയിൽ ജോലി ചെയ്ത് വരുന്ന ജീഡിഎസ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനകീയ സമരം ആവശ്യമായ അവസ്ഥയിൽ എത്തിയിരിക്കുകയാണെന്നും കെ.പി രാജേന്ദൻ ചൂണ്ടികാട്ടി.
ഭാരതത്തിലെ ഗ്രാമീണ തപാൽ ജീവനക്കാരുടെ അംഗീകൃത ട്രേഡ് യൂണിയനായ എ ഐ ജിഡിഎസ് യൂണിയൻ കേരള സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീഫ് പി.എം.ജി ഓഫീസിന് മുന്നിൽ നടന്ന കൂട്ടധർണ്ണ യ്ക്ക് സർക്കിൾ പ്രസിഡന്റ് എം.ടി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി നായിഡു, അഖിലേന്ത്യാ കമ്മറ്റിയംഗം കെ.എ വർഗ്ഗീസ്, സർക്കിൾ ക്ഷാധികാരി ടി.എൻ മോഹനചന്ദ്രൻ , ടി.വി എം അലി, ആനന്ദൻ വാഴേങ്കട, ഡേവിഡ് ജെയിംസ്, അനൂപ് കൊല്ലം, ബിന്ദു കെ.സി, പി. സുകുമാരൻ എന്നിവർ സംസാരിച്ചു. സർക്കിൾ ട്രഷറർ എം.പി സതീശൻ കൃതഞ്ജത പറഞ്ഞു.
കേന്ദ്ര ഗവ. അംഗീകരിച്ച കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ ഉടൻ നടപ്പിലാക്കുക, ജീഡിഎസ് ജീവനക്കാർ സ്ഥിരം തസ്തികകളിൽ ഒഫിഷ്യയറ്റ് ചെയ്യരുതെന്ന ഉത്തരവ് റദ്ദാക്കുക, ഒന്നര വർഷത്തെ തടഞ്ഞുവെച്ച ക്ഷാമബത്ത കുടിശ്ശിക സഹിതം നൽകുക, തപാൽ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ബിസിനസ് ടാർജറ്റിൻ്റെ പേരിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, ഗുണമേന്മയുള്ള ചെരുപ്പ്, കുട, ബാഗ്, റെയിൻകോട്ട് എന്നിവ ലഭ്യമാക്കുക, കോവിഡ് ബാധിച്ച് മരണമടഞ്ഞ ജീഡിഎസ് ജീവനക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ആശ്വാസ ധനമായി അനുവദിക്കുക, ബന്ധുക്കൾക്ക് ആശ്രിത നിയമനം നൽകുക, അർഹതപ്പെട്ട ട്രാൻസ്ഫർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തപാൽ വകുപ്പിലെ ഗ്രാമീൺടാക് സേവക് ജീവനക്കാരുടെ സംഘടനയായ എഐജീഡിഎസ് യൂ വിന്റെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടന്നത്.