പൂരങ്ങളുടെ നാടായ, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂർ പട്ടണത്തിലെ സ്വരാജ് റൗണ്ട് ഏറെ പ്രസിദ്ധമാണ്. നാലു ദിശകളിലേകുള്ള ബസ്സുകൾ തൃശൂർ-കുന്നംകുളം(പടിഞ്ഞാറ് ) ,തൃശ്ശൂർ-പീച്ചി,(കിഴക്കു),തൃശ്ശൂർ ചാലക്കുടി(തെക്കു) ,തൃശ്ശൂർ-ഷൊർണൂർ (വടക്കു ) പുറപ്പെടുന്നത് ഈ സ്വരാജ് റൗണ്ടിൽ നിന്നാണ്.കിഴക്കു ദിശയിലൂടെ മൂന്നു കിലോമീറ്റർ യാത്ര ചെയ്തു ജൂബിലി മിഷൻ ആശൂപത്രിയും,അപ്രേം പള്ളിയും ,സെന്റ് സെബാസ്റ്റ്യൻ കാത്തോലിക്ക ദേവാലയവും പിന്നിട്ടാൽ ഞാൻ താമസിച്ചിരുന്ന പ്രക്രതി രമണീയമായ നെല്ലിക്കുന്ന് പ്രദേശത്തിന്റെ നാലും കൂടിയ കവലയിൽ എത്തിച്ചേരാം. അവിടെനിന്നും നൂറു മീറ്റർ പുറകോട്ടു നടന്നാൽ ഞാൻ ജനിച്ചു വളർന്ന എന്റെ വീട്ടിലെത്തും .
അവിടെയാണ് ഞാൻ എന്റെ ബാല്യകാലവും യവ്വനവും ചിലവഴിച്ചത് .എനിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചതു ബ്രദറൺ സഭാവിഭാഗത്തിന്റെ കീഴിൽ നടത്തിയിരുന്ന റഹബോത്ത് (ശാല സ്കൂൾ ) ലോവർ പ്രൈമറി സ്കൂളിൽ നിന്നാണ്. നാളിതുവരെ ഒരു പുരുഷ അദ്ധ്യാപകനു പോലും നിയമനം ലഭിക്കാത്ത വിദ്യാലയം!. ആൺകുട്ടികളും ,പെൺകുട്ടികളും സഹോദരങ്ങളെപോലെ ഒരേ ബെഞ്ചിലിരുന്നു അക്ഷരങ്ങൾ അഭ്യസിച്ചിരുന്ന അവിസ്മരണീയ കാലഘട്ടം.സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപികമാർ എല്ലാവരും തന്നെ പല നിലകളിലും, പ്രശസ്തരും ,പ്രഗൽഭരും സവിശേഷ വ്യക്തിത്വത്തിന്റെ ഉടമകളുമായിരുന്നവെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ലതന്നെ. പഠനസമയത്തു എന്നെ വളരെയധികം സ്വാധീനിച്ച ചില ടീച്ചർമാരുടെ പേരുകൾ എന്റെ സ്മൃതിപഥത്തിൽ ഇന്നും മായാതെ നിൽക്കുന്നു .അതിൽ എന്റെ കാലഘട്ടത്തിൽ (1960 -1965) പ്രധാന അദ്ധ്യാപികമാരായിരുന്ന അച്ചായി ടീച്ചർ, മാത്തിരി ടീച്ചർ,അധ്യാപികമാരായ അന്നമ്മടീച്ചർ,മറിയാമ്മ ടീച്ചർ, മാർത്ത ടീച്ചർ , സാറാമ്മടീച്ചർ , റെയ്ച്ചൽ ടീച്ചർ എന്നിവർ അവരിൽ ചിലർ മാത്രമാണ് .
ആ തലമുറയിൽ അവസാന കണ്ണിയായി ശേഷിച്ചിരുന്ന അദ്ധ്യാപിക മറിയാമ്മ ടീച്ചർ ഈ മാസം ഫെബ്രു 9 നു തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ വളരെ ശാന്തമായി, പ്രത്യാശയോടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇഹലോകത്തിൽ നിന്നും മാറ്റപ്പെട്ടു.പലകുടുംബാംഗങ്ങളും, പ്രിയപ്പെട്ടവരും , സ്നേഹിതരും എന്നെ വിട്ടുപിരിഞ്ഞപ്പോൾ പോലും ഒരിക്കലും അനുഭവിചിട്ടില്ലാത്ത വലിയൊരു മാനസിക വ്യഥയാണ് ടീച്ചറുടെ മരണത്തെ കുറിച്ച് അമേരിക്കയിൽ ഇരുന്ന് കേട്ടപ്പോൾ എന്നിൽ അനുഭവപ്പെട്ടത് .
അമേരിക്കയിൽ നിന്നും അവധിക്കു നാട്ടിൽ എത്തുമ്പോൾ നെല്ലികുന്നത്ത് താമസിക്കുന്ന ടീച്ചറെ ഒരിക്കലെങ്കിലും സന്ദര്ശിക്കാതെ മടങ്ങിയിട്ടില്ല . സന്ദര്ശിക്കുമ്പോളെല്ലാം ആമുഖത്തു മിന്നിമറയുന്ന സ്നേഹത്തിന്റെയും ആർദ്രതയുടെയും ഭാവബേധങ്ങൾ ഇമ വെട്ടാതെ ഞാൻ നോക്കിനിന്നിട്ടുണ്ട്. പലപ്പോഴും ഫോണിൽ കണ്ടു സംസാരിക്കുന്നതിനും അവസരം ലഭിച്ചിട്ടുണ്ട് .
“മറ്റുള്ളവരോട് എൻറെ മനസ്സിൽ തോന്നുന്ന സ്നേഹം ആവർത്തിച്ചുകൊണ്ടിരിക്കുകയും ,വിണ്ടും വീണ്ടും ഞാൻ അതിനു കീഴടങ്ങേണ്ടി വരികയും ചെയുന്നത് എന്തുകൊണ്ടാണ്? .എൻറെ ജീവിതത്തിൻറെ പൂർണ്ണനിയന്ത്രണം എന്നന്നേക്കുമായി ഞാൻ എന്റെ രക്ഷകനെ ഏൽപ്പിച്ചു കഴിഞ്ഞതു കൊണ്ടു മാത്രമാണ് സ്നേഹം എന്ന ആ വികാരത്തിനു .പിന്നെയും ഞാൻ അധീനയാകുന്നത്.ജീവിതാരംഭം മുതൽ .അവസാന നിമിഷം വരെ ഉരുവിട്ട ടീച്ചറുടെ ആ വാക്കുകൾ ഇന്നും എന്റെ കര്ണപുടത്തിൽ മാറ്റൊലികൊള്ളുന്നു .എന്തുകൊണ്ട് അവസാന നിമിഷം വരെയും ഈ ചോദ്യത്തിന് സുനിശ്ചിതമായ ഉത്തരം നമ്മുടെ ജീവിതത്തിൽ കണ്ടെത്താനാകാതിരിക്കുന്നതു? പാപത്തിന്റെ പ്രമാണം നമ്മുടെ ഉള്ളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് തന്നെ”.ടീച്ചറുടെ ഈ പഠിപ്പിക്കൽ പല ജീവിതങ്ങളെയും സത്യത്തിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനു പര്യാപ്തമായിട്ടുണ്ട്.
തൊണ്ണൂറ്റിയഞ്ചു വയസ്സുവരെ യാതൊരു പരിഭവമോ ,നിരാശയോ ഇല്ലാതെ ജീവിക്കുക അതും പൂർണ സുബോധത്തോടെ വളരെയധികം പേർക്ക് ലഭിക്കാത്ത, അവകാശപെടാനാകാത്ത മഹാ ഭാഗ്യം ടീച്ചർക്ക് ലഭിച്ചുവെന്നത് ചിന്തനീയമാണ്..
നഴ്സിംഗ് ഹോമിലും ആശുപത്രികളിലും സന്ദർശനം നടത്തുക എന്നതു എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് .മനുഷ്യജീവിതത്തിന്റെ താത്കാലികതയെ കുറിച്ച് പലപ്പോഴും ആ സന്ദർശനം എന്നെ ഓര്മപെടുത്താറുണ്ട് .ഈയിടെ ഞാൻ എൻറെ സുഹ്ര്ത്തിനോടൊപ്പം ഒരു നേഴ്സിങ് ഹോമിൽ ചെന്ന് അവിടെയുള്ള പ്രായമായ മാതാവിനെ സന്ദർശികുവാൻ അവസരം ലഭിച്ചു. അപ്പോൾ ഇതിനെപ്പറ്റി കൂടുതലായി ചിന്തിക്കാൻ ഇടയായി . 93 വയസ്സുള്ള ഒരു മാന്യയായ മാതാവ്. നല്ല മനക്കരുത്തും ചുറുചുറുക്ക് വും ഉള്ളവളാണ്. ദൈവീക സ്നേഹവും ആർദ്രതയും ആ മുഖത്ത് വിളയാടുന്നു .പ്രായാധിഖ്യത്തിന്റെ ലക്ഷണങ്ങളായ മുഖത്തെ ചുളിവുകൾ അവരുടെ വശ്യമായ പുഞ്ചിരിയുടെ മാറ്റു കൂട്ടുക മാത്രമാണ് ചെയ്യുന്നത്. അവിടത്തെ അന്തേവാസികളെ എല്ലാം അവരെ സ്നേഹിക്കുന്നു . ഓരോ ദിവസവും സ്നേഹപൂർണമായ ഒരു വാക്കിൽ കൂടെയോ സ്പർശനത്തിൽ കൂടിയോ അവരുടെ നിരാശ നിറഞ്ഞ ജീവിതങ്ങളിലേക്ക് ഒരു നേരിയ പ്രകാശം എങ്കിലും കടത്തിവിടാൻ ആ മാതാവ് ശ്രമിക്കുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർ പറഞ്ഞു നിങ്ങൾക്കറിയാമോ ചിലപ്പോൾ എനിക്ക് ഇവിടെയുള്ള ചിലരുടെ നേർക്ക് ഈർഷിം തോന്നാറുണ്ട് . പ്രത്യേകിച്ച് ചില പ്രായമായവർ കിടന്നു കരയുകയോ അസുഖകരമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയുമ്പോൾ. എന്നാൽ എൻറെ ആ മനോഭാവം ശരിയല്ല എന്ന് എനിക്കറിയാം അതുകൊണ്ട് അതിനെ കീഴടക്കാനുള്ള കൃപകുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു .പിന്നീട് ഞാൻ എൻറെ സുഹ്ര്ത്തിനോടു പറഞ്ഞു നോക്കുക 93 കാരിയായ ഒരു ദൈവപൈതൽ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും ജഡവുമായുള്ള പോരാട്ടത്തിലാണ് .ഇപ്പോഴും ദൈവകൃപയിൽ അവർക്ക് ആശ്രയിക്കേണ്ടിവരുന്നു.
അന്ന് എന്റെ മനസ്സിൽ തെളിഞ്ഞു വന്ന ചിത്രം മറിയാമ്മ ടീച്ചറുടേതാണ്.ഈ മാതാവിൽ നിന്നും ടീച്ചറെ വ്യത്യസ്തമാകുന്നത് കോപമോ,ഈര്ഷ്യയോ ഒരിക്കൽപോലും അവരിൽ കണ്ടെത്താനാകില്ല എന്നതുതന്നെ.. നമ്മുടെ പ്രിയപ്പെട്ടവർ ഓരോരുത്തരായി ലൗകീക ജീവിതത്തിൽ നിന്നും പറന്നകലുമ്പോൾ നാം നമ്മെ തന്നെ സ്വയം പരിശോധനക്കു വിധേയമാക്കേണ്ടിയിരിക്കുന്നു.
അതെ, പലപ്പോഴും വിഷമകരമായ സാഹചര്യങ്ങളിൽ അകപ്പെടുക മൂലം നാം ദേഷ്യപ്പെടുകയോ ,അക്ഷമരാകുകയോ ചെയ്യാറുണ്ട്. ഒരിക്കലും നാം അത് ആഗ്രഹിക്കുന്നില്ല, എങ്കിലും നാം ബലഹീനരാകയാൽ അങ്ങനെ സംഭവിച്ചുപോകയാണ് . ഉടൻതന്നെ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ടു അവൻറെ സഹായം തേടുകയാണ് വേണ്ടത് . അവൻ മാത്രമാണ് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന ചാലക ശക്തിഎന്ന് നാം വിസ്മരിക്കരുതെന്ന ടീച്ചറുടെ ഉപദേശം ഏവരെയും സ്വാധീനിക്കുമെന്ന് നിസ്സംശയം പറയാം .
എനിക്ക് അക്ഷരങ്ങൾ പറഞ്ഞു തരികയും ,ബാലപാഠങ്ങൾ അഭ്യസിപ്പിക്കുകയും ചെയ്ത, വാർദ്ധക്യത്തിന്റെ മഹത്വം വിളംബരം ചെയ്തും , വാർദ്ധക്യത്തിന്റെഗുണപാടങ്ങൾ സ്വ ജീവിതത്തിലൂടെ സമൂഹത്തിനു പകർന്നു നൽകുകയും ചെയ്ത് അനന്ത വിഹായസിലേക്കു പറന്നകന്ന മാതൃക അദ്ധ്യാപിക പ്രിയപ്പെട്ട മറിയാമ്മ ടീച്ചറുടെ പാവനസ്മരണക്കു മുന്പിൽ പ്രണാമം അർപ്പിക്കുന്നു.