
മനാമ: ബഹ്റൈനിലെ സമുദ്രാതിർത്തിയിൽ ചാനാദ് (കിംഗ്ഫിഷ്) മത്സ്യബന്ധനത്തിനുള്ള നിരോധനം നീക്കിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയൺമെൻ്റ് (എസ്.സി.ഇ) എക്സിക്യൂട്ടീവ് അതോറിറ്റിയിലെ മറൈൻ റിസോഴ്സസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇവയുടെ വിൽപ്പനയ്ക്കും വിപണനത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒക്ടോബർ 15 മുതൽ നീക്കിയിട്ടുണ്ട്. മത്സ്യപ്രജനന സീസണിൽ ഓഗസ്റ്റ് 15ന് ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധന കാലാവധി അവസാനിച്ചതിനെ തുടർന്നാണിത്.
മത്സ്യബന്ധനം, ചൂഷണം, സമുദ്രവിഭവങ്ങളുടെ സംരക്ഷണം എന്നിവ നിയന്ത്രിക്കുന്നതിനുള്ള 2002ലെ 20-ാം നമ്പർ നിയമമനുസരിച്ച് സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനുള്ള ബഹ്റൈൻ്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു നിരോധനമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സ് വ്യക്തമാക്കി. ജി.സി.സി. കാർഷിക സഹകരണ സമിതിയുടെ 23-ാമത് യോഗത്തിൽ ചാനാദിനെ സംരക്ഷിക്കുന്നതിന് എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണിത്.
പ്രജനനകാലത്ത് മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, അമിത മത്സ്യബന്ധനം തടയുക, സമുദ്ര ആവാസവ്യവസ്ഥകൾക്കുള്ളിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നിവയിലൂടെ മത്സ്യസമ്പത്ത് വർധിപ്പിക്കാനാണ് നിരോധനം ലക്ഷ്യമിടുന്നത്.
നിരോധനകാലത്തുടനീളം മത്സ്യത്തൊഴിലാളികൾ കാണിച്ച സഹകരണത്തെയും ഉത്തരവാദിത്തബോധത്തെയും മറൈൻ റിസോഴ്സ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.
