
മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എന്‍ഡുറന്‍സ് വില്ലേജില്‍ നടക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഷോയുടെ (മറാഈ 2025) എട്ടാമത് പതിപ്പിന്റെ ഉദ്ഘാടനം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍വഹിച്ചു.
മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനെ സ്വീകരിച്ചു.
പ്രദര്‍ശനത്തിനായുള്ള രാജാവിന്റെ തുടര്‍ച്ചയായ പിന്തുണയും സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ, ബഹ്റൈനിന്റെ കാര്‍ഷിക പൈതൃകം സംരക്ഷിക്കല്‍ എന്നിവയോടുള്ള പ്രതിബദ്ധതയും മന്ത്രി അല്‍ മുബാറക് പരാമര്‍ശിച്ചു.
പരമ്പരാഗത കലാ അവതരണങ്ങള്‍, രാജ്യത്തുനിന്നും അസര്ബൈജാനില്നിന്നുമുള്ള കുതിരസവാരി പ്രദര്‍ശനങ്ങള്‍, സാംസ്കാരിക പ്രകടനങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ട്. പ്രദര്‍ശനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഗാര്‍ഡ്, പങ്കെടുക്കുന്ന കമ്പനികള്‍, പ്രാദേശിക പങ്കാളികള്‍ എന്നിവരുടെ സംഭാവനകളെ മാനിച്ചുകൊണ്ട് മത്സര വിജയികള്‍ക്കും പിന്തുണയ്ക്കുന്ന സംഘടനകള്‍ക്കും രാജാവ് അവാര്‍ഡുകള്‍ നല്കി.
കാര്‍ഷിക, കന്നുകാലി മേഖലകള്‍ ദേശീയ വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന ചടങ്ങിന്റെ സമാപനവേളയില്‍ രാജാവ് പറഞ്ഞു. ഭക്ഷ്യസുരക്ഷയും ഭക്ഷ്യ വ്യവസായവും മെച്ചപ്പെടുത്താന്‍ കാര്‍ഷിക, കന്നുകാലി, സമുദ്ര വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളെയും പദ്ധതികളെയും രാജാവ് പ്രശംസിച്ചു.


