മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിൽ തിന്നെ റിലീസ് ചെയ്യുന്നു. ചിത്രം ഡിസംബർ രണ്ടിന് കേരളമൊട്ടാകെയുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. സിനിമ- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മധ്യസ്ഥതയിൽ ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനമായിരിക്കുന്നത്. ചർച്ചയ്ക്ക് ശേഷം മന്ത്രി തന്നെയാണ് സിനിമയുടെ റിലീസ് സംബന്ധിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപനം നടത്തിയത്. വേൾഡ് വൈഡ് റിലീസ് ഈ ദിവസം തന്നെ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. റിലീസ് ഉപാധികളില്ലാതെയാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
തീയേറ്ററുകളുടെ നിലനിൽപ്പിനായും തീയേറ്റർ തൊഴിലാളികളുടെ അവസ്ഥയെ കരുതിയും ആന്റണി പെരുമ്പാവൂർ വിട്ടു വീഴ്ച ചെയ്തതെന്ന് മന്ത്രി പറഞ്ഞു. മിനിമം ഗ്യാരണ്ടിയെന്ന ഉപാധി നിർമ്മാതാവ് വേണ്ടെന്നു വച്ചു. റിലീസിനു മുൻപ് തീയേറ്ററുകലിലെ സീറ്റിംഗ് കപ്പാസിറ്റി കൂട്ടിയേക്കുമെന്നും മന്ത്രി അറിയിച്ചു.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് ഒരുക്കിയ ചിത്രം 100 കോടി രൂപയോളം മുതൽമുടക്കിലുള്ളതാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, കീര്‍ത്തി സുരേഷ്, സിദ്ദിഖ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിട്ടുള്ളത്.