കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് കമ്പനി ഉടമകളുടെ സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രീം കോടതി ഉത്തരവ്. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ട തുക ഇതുവരെ കെട്ടിവെയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി ഫെയ്ത്തിന്റെ കമ്പനി സ്വത്തുക്കൾ മുമ്പ് കണ്ടുകെട്ടിയിരുന്നു. ഈ വസ്തുക്കൾ ലേലം ചെയ്യാൻ സംസ്ഥാന സർക്കാരിന് കോടതി മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു.
അതേസമയം മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തിൽ രാധാകൃഷ്ണന്റെ റിപ്പോർട്ട് അടുത്ത മാസം 28ന് കോടതി പരിഗണിക്കും. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളോട് ശക്തമായി വിയോജിക്കുന്നുവെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. തുടർന്നാണ് റിപ്പോർട്ടിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അതിനുശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കി. നിർമ്മാതാക്കൾക്ക് മാത്രമല്ല, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും നിയമലംഘനത്തിൽ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻ മേൽ കുറിപ്പ് തയ്യാറാക്കാൻ അമിക്കസ് ക്യൂറിക്ക് സുപ്രീം കോടതി നിർദേശം നൽകി.