തിരുവനന്തപുരം: ദൈവദാസൻ ആർച്ചുബിഷപ് മാർ ഈവാനിയോസ് മെത്രാപോലീത്തയുടെ ഓർമ്മപെരുനാൾ നാളെ (ജൂലൈ 15 വ്യാഴം) സമാപിക്കും. ജൂലൈ 1 മുതൽ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്നു വന്ന പെരുനാളിന് വിവിധ ദിവസങ്ങളിൽ സഭയിലെ മെത്രാപ്പോലീത്താമാരും വികാരി ജനറൽമാരും നേതൃത്വം നൽകി. ഇന്ന് വൈകിട്ട് കബറിടത്തിൽ സന്ധ്യാ പ്രാർത്ഥനയും അനുസ്മരണ ശുശ്രൂഷ കളും നടക്കും.
തുടർന്ന് കത്തീഡ്രൽ ദൈവാലയ ത്തിനു ചുറ്റും പ്രതീകാത്മകമായി നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിൽ കാതോലിക്കാ ബാവായും മറ്റു മെത്രാപോലീത്തമാരും മാത്രം പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഈ വർഷം തീർത്ഥാടന പദയാത്രയും ജന പങ്കാളിത്തത്തോടെയുള്ള മെഴുകുതിരി പ്രദക്ഷിണവും ഒഴിവാക്കി. സമാപന ദിവസമായ നാളെ രാവിലെ 8ന് നടക്കുന്ന പെരുനാൾ കുർബാനക്ക് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. മറ്റു മെത്രാ പോലീത്താമാർ സഹകാർമ്മികരായിരിക്കും . തുടർന്ന് കബറിടത്തിൽ അനുസ്മരണ ശുശ്രൂഷകൾ നടക്കും.