തിരുവനന്തപുരം: 110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്‍കിയിരിക്കുകയാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. വണ്ടൂര്‍ സ്വദേശി രവിയ്ക്കാണ് മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച് ഈ നേട്ടം കൈവരിച്ചത്. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നതിനാല്‍ ഈ പ്രായത്തിലും അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടി. അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയില്‍ രവിയും കുടുംബവും സന്തോഷം പങ്കുവെച്ചു. മികച്ച ചികിത്സ നല്കി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഈ പ്രായത്തിലും ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ഡോക്ടര്‍മാര്‍ മാതൃകയാണ്. ഇത്രയും ആത്മവിശ്വാസമുള്ള രവി എല്ലാവര്ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
രണ്ടു കണ്ണുകളിലും യുവിയൈറ്റിസും തിമിരവും ബാധിച്ച് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മഞ്ചേരി മെഡിക്കല്‍ കോളേജ് നേത്ര രോഗവിഭാഗത്തില്‍ ചികിത്സ തേടി എത്തിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളി സൃഷ്ടിച്ചു. എങ്കിലും പ്രതീക്ഷയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
നേത്ര രോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതത്വത്തില്‍ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.എസ്. രേഖ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനസ്തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷുഹൈബ് അബൂബക്കര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളേജ്, നേത്രരോഗ വിഭാഗം ഇന്ന് പലവിധ ആധുനിക ചികിത്സ രീതികളും ശാസ്ത്രക്രിയകളും സാധാരണക്കാര്‍ക്കുവേണ്ടി നടത്തി വരുന്നു. പ്രമേഹരോഗികളില്‍ കണ്ടുവരുന്ന റെനോപതിക്ക് വേണ്ടിയുള്ള ഒസിടി സ്കാന്‍, ലേസര്‍ ചികിത്സ എന്നിവ കൂടാതെ കൊങ്കണ്ണ്, പോളകളുടെ ബലക്കുറവ് മൂലം ഉണ്ടാകുന്ന ‘ടോസിസ്’, തിമിരത്തിനു കുത്തിവെപ്പില്ലാതെയുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ എന്നിവ നേത്രരോഗ വിഭാഗത്തില്‍ വിജയകരമായി നടത്തി വരുന്നു. ഈ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സിന്റെ സീറ്റുകള്‍ക്കായി നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത് മറ്റൊരു നേട്ടമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പി.ജി കോഴ്സുകള്‍ ആരംഭിക്കുന്നത് ഇതാദ്യമായാണ്.