തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ ഡിസംബർ മാസത്തിന് മുൻപായി വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടണമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിർദേശിച്ചു.വ്യവസായ വകുപ്പിൻ്റെ ഭരണ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ വാർഷിക റിപ്പോർട്ടും കണക്കും കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥയും അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. സമയബന്ധിതമായി ഓഡിറ്റിങ് പൂർത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടർമാർക്കും ധനകാര്യ വിഭാഗം മേധാവിക്കും 2022 ഏപ്രിൽ മാസം മുതൽ ശമ്പളം തടഞ്ഞുവെക്കും . ഇക്കാര്യത്തിൽ കഴിഞ്ഞ വര്ഷം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗ തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
3 വർഷത്തിലധികം ഓഡിറ്റ് റിപ്പോർട്ട് കുടിശ്ശിക വരുത്തിയ 11 സ്ഥാപനങ്ങളെ പ്രത്യേകമായി അവലോകനം ചെയ്ത് കുടിശ്ശിക തീർപ്പാക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് കൃത്യമായ രീതിയിലുള്ള ഓഡിറ്റിങ്ങ് ആവശ്യമാണെന്നും ഇക്കാര്യത്തിൽ സ്ഥാപന മേധാവികൾ വരുത്തുന്ന അലംഭാവം ഗൗരവമായി വീക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരുടെ നിസ്സഹകരണം കാരണം ഓഡിറ്റ് മുടങ്ങുന്ന സ്ഥാപനങ്ങളുടെ വിഷയം അക്കൗണ്ടൻ്റ് ജനറലിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റ് സമയബന്ധിതമായി വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം തേടുന്നുണ്ടെന്ന് സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഡയറക്ടർമാർ ഉറപ്പ് വരുത്തണം. ഓരോ പൊതുമേഖലാ സ്ഥാപനത്തിലേക്കും എല്ലാ മാസവും ഉണ്ടാകുന്ന വരവുചിലവ് കണക്കുകൾ മാസാവസാനം തന്നെ തയ്യാറാക്കി മാനേജിംഗ് ഡയറക്ടറും ധനകാര്യ വകുപ്പ് വിഭാഗം മേധാവികളും അംഗീകരിക്കണം. വർഷാവസാനം വാർഷിക പ്രൊവിഷണൽ അക്കൗണ്ട് തയ്യാറാക്കുന്ന സംവിധാനം നടപ്പിൽ വരുത്തണമെന്നും യോഗം തീരുമാനിച്ചു.