മനാമ: കഴിഞ്ഞ ദിവസം നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ ഏഴാമത് സമ്മേളനത്തിലാണ് 2024ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തത്. മേഖലയിൽ പക്വവും പൂർണവുമായ ടൂറിസം പ്ലാൻ കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്ത കാരണത്താലാണ് ഇത്തരമൊരു പദവി നൽകാൻ തീരുമാനിച്ചത്. ഒമാനിൽ നടന്ന സമ്മേളനത്തിൽ ബഹ്റൈൻ വാണിജ്യ,വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെയും ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. ടൂറിസം മേഖലയുടെ ഉണർവിന് ശക്തമായ നീക്കങ്ങൾ ബഹ്റൈൻ നടത്തിയതായി മന്ത്രി വ്യക്തമാക്കി.
ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക നിലവാരം ഉയർത്തുന്നതിനും ഹോട്ടലുകളിലും ടൂറിസ്റ്റ് സൗകര്യങ്ങളിലും സുസ്ഥിരത നിലനിർത്തുന്നതിനുമായി രാജ്യം നടത്തിയ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സന്ദർശകരുടെ വരവ് വർധിപ്പിക്കുന്നതിനും ബഹ്റൈനെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിലും ഈ ശ്രമങ്ങൾ നിർണായക പങ്കുവഹിച്ചു. വിവിധ ജി.സി.സി രാഷ്ട്രങ്ങളുമായി ഈ രംഗത്ത് കൂടുതൽ സഹകരിക്കുന്നതിന് ബഹ്റൈൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യാത്ര, സംസ്കാരം, വിനോദം എന്നീ മേഖലകളിൽ ഉണർവുണ്ടാകാൻ ടൂറിസം കരുത്തുനൽകും. ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വലിയ അളവിൽ മെച്ചപ്പെടുത്താൻ ബഹ്റൈന് സാധിച്ചതായും യോഗം വിലയിരുത്തി. ടൂറിസം മേഖലയിൽ ചെറുകിട സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുന്ന അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ചൂണ്ടിക്കാട്ടി. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനും സാധിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.