മുംബൈ: അമ്മയെ കൊന്ന് അവയവങ്ങൾ വറുത്ത് കഴിച്ച യുവാവിന് വധശിക്ഷ. 2017 ആഗസ്റ്റിലാണ് 35 കാരനായ യുവാവ് സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തി അവയവങ്ങള്‍ വറുത്ത് കഴിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്ന് പറഞ്ഞാണ് മഹാരാഷ്ട്രയിലെ കോലാപൂരിലെ കോടതി സുനിൽ രാമ കുഛ്കൊറാവിക്ക് ശിക്ഷ വിധിച്ചത്. കൊലപാതകം അതിക്രൂരവും ലജ്ജാവഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചെന്ന് കോലാപൂർ അഡീഷനൽ സെഷൻസ് ജഡ്ജി മഹേഷ് കൃഷ്ണജി നിരീക്ഷിച്ചു. ആ അമ്മ അനുഭവിച്ച വേദന വാക്കുകളിലൂടെ വിശദീകരിക്കാനാവില്ല. മദ്യാസക്തിക്ക് തൃപ്തിവരുത്താനാണ് അയാൾ ഈ പ്രവൃത്തി ചെയ്തിരിക്കുന്നത്. നിസഹായയായ അമ്മയുടെ ജീവിതം അവൻ ബലമായി ഇല്ലാതാക്കി. മാതൃത്വത്തിനുള്ള ഏറ്റവും വലിയ അപമാനമാണിത്, ജഡ്ജി പറഞ്ഞു.
2017 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ ഒരു കുട്ടിയാണ് അമ്മയുടെ മൃതദേഹത്തിന് സമീപം പ്രതി നില്‍ക്കുന്നത് കണ്ടത്. കുട്ടി ഇത് കണ്ട് കരഞ്ഞതോടെ ആളുകള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാവിന്റെ മൃതശരീരമാണ് കണ്ടത്. ചില അവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു. ഹൃദയം ഒരു തളികയില്‍ വെച്ചപ്പോള്‍ മറ്റ് ചില അവയവങ്ങള്‍ ഒരു എണ്ണപാത്രത്തിലാണ് കാണപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷവും പ്രതിക്ക് തന്റെ പ്രവൃത്തിയിൽ മാനസാന്തരമോ പശ്ചാത്താപമോ പ്രകടമായില്ലെന്നും കോടതി നിരീക്ഷിച്ചു.
