കൊച്ചി: എളമക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശിനി മഹേശ്വരിക്കാണ് വെട്ടേറ്റത്. മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് മണികണ്ഠനാണ് യുവതിയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മഹേശ്വരിയുടെ കഴുത്തിൽ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. മഹേശ്വരി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.