പൊതുസ്ഥലത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് മധ്യവയസ്കനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മണ്ഡലമായ ഗജ്വെലിലാണ് സംഭവം. മദ്യലഹരിയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചുവെന്നാരോപിച്ച് “ജയ് ശ്രീറാം” മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം ഇയാളെ മർദിക്കുകയായിരുന്നു. മൂത്രമൊഴിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥലം നക്കാൻ മധ്യവയസ്കനോട് ആവശ്യപ്പെട്ടതായും NDTV റിപ്പോർട്ട് ചെയ്യുന്നു.
സിദ്ദിപേട്ട് ജില്ലയിലെ ഗജ്വെൽ ടൗണിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മധ്യവയസ്കൻ റോഡിൽ സ്ഥാപിച്ചിരുന്ന ശിവാജി പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചു. ഇതുകണ്ട് ചിലർ ഓടിയെത്തി ഇയാളെ മർദിക്കാൻ തുടങ്ങി. പിന്നീട് കൂടുതൽ പേരെത്തി മധ്യവയസ്കനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മധ്യവയസ്കനെ മർദിക്കുമ്പോൾ ജനക്കൂട്ടം “ജയ് ശ്രീറാം”, “ഭാരത് മാതാ കീ ജയ്”, “ഛത്രപതി ശിവാജി കീ ജയ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.
മദ്യപിച്ച് മൂത്രമൊഴിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥലം മധ്യവയസ്കനെ കൊണ്ട് വൃത്തിയാക്കിപ്പിച്ച ശേഷം, ജനക്കൂട്ടത്തിൻ്റെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങൾക്കിടയിലൂടെ ഇയാളെ അർദ്ധനഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. വീഡിയോയിൽ ഒരു പൊലീസുകാരൻ ജനക്കൂട്ടത്തിൽ നിന്ന് ഇയാളെ അകറ്റാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ ആളുകൾ ബലമായി ഇയാളെ കൊണ്ടുപോയി മുഖം നിലത്തേക്ക് പിടിച്ചുവച്ചു മൂത്രമൊഴിച്ച സ്ഥലം നക്കാൻ ആവശ്യപ്പെടുകയായിരുന്നു.