ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘർഷത്തിൽ ഒരാളെ ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി സുഖ്ദേവ് സിങ്ങാണ് പിടിയിലായത്. പഞ്ചാബിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അൻപതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കൊടുവിലായിരുന്നു ചെങ്കോട്ടയിലും പരിസരത്തും വൻ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.
ഇതിനിടെ പ്രതിയായ നടൻ ദീപ് സിദ്ദുവിനായി പഞ്ചാബിൽ നാല് ഇടങ്ങളിൽ ദില്ലി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ചെങ്കോട്ടയിലെ സംഘർഷത്തിൽ കോട്ട് വാലി സ്റ്റേഷനിൽ എടുത്ത കേസിൽ ദീപ് സിദ്ദുവിന് പുറമെ ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെയും പ്രതി ചേർത്തിരുന്നു.