അന്തിക്കാട്: പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയയാളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാഴൂർ നമ്പേരിവീട്ടിൽ സമ്പത്തിനെ (40) അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഹാൻഡ്സെറ്റ് കണ്ടെടുത്തു. വീടിന് മുകളിൽ ഏരിയലും സ്ഥാപിച്ചിരുന്നു. ഒരു ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നു. പൊലീസ് വയർലെസിന്റെ ബാൻഡ് വിഡ്ത്ത് ക്രമീകരിച്ചാണ് സന്ദേശങ്ങൾ ചോർത്തിയത്.
ഓൺലൈനിലൂടെയാണ് ഹാൻഡ്സെറ്റ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഈ സംവിധാനത്തിലൂടെ സന്ദേശങ്ങൾ കേൾക്കാൻ മാത്രമേ കഴിയൂ. മെസേജുകൾ തിരിച്ചയക്കാൻ സംവിധാനമില്ലായിരുന്നു. ഇത്തരം സന്ദേശങ്ങളുടെ ദുരുപയോഗം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലകളിൽ ടെക്നീഷ്യൻ ആയി ജോലി ചെയ്തതിലൂടെയുള്ള സാങ്കേതിക പരിജ്ഞാനവും ഇയാൾ സന്ദേശങ്ങൾ ചോർത്താൻ ഉപയോഗിച്ചു.