
കാഞ്ഞങ്ങാട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികന്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിവെച്ചയാൾ അറസ്റ്റിൽ. കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടക വീട്ടിലെ കിഷോർ കുമാർ (42) ആണ് അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റാൻ ഉദുമ എരോലിലെ വിനോദ് 500ന്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ കടയുടമയുടെ പരാതിയിൽ എരോൽ വിനോദിനെ പ്രതിചേർത്തു. പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
